Flash News

ഡോ. ഹാദിയ : സംരക്ഷണം മനുഷ്യാവകാശലംഘനമാവരുത് - ശാസ്ത്ര സാഹിത്യ പരിഷത്ത്‌



കോട്ടയം: വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം അയച്ചശേഷം ഡോ. ഹാദിയ അനുഭവിക്കുന്ന വീട്ടുതടങ്കലില്‍, ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും യാതൊരുവിധത്തിലും കോട്ടംവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. മന്ത്രി കെ കെ ശൈലജയ്ക്കും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനും നല്‍കിയ നിവേദനത്തിലാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷ്യാവകാശലംഘനമാവാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരനും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ മീരാഭായിയും ആവശ്യപ്പെട്ടത്. സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ് ഡോ. ഹാദിയ. അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍പോലും അനുവാദമില്ലെന്നും പോലിസ് ബന്തവസ്സിന്റെ പശ്ചാത്തലത്തില്‍ ഒരു വ്യക്തിക്കു ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍പോലും ലഭിക്കുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രസ്തുത പ്രശ്‌നം നേരിട്ടു മനസ്സിലാക്കാനായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പി കെ മീരാഭായിയുടെ നേതൃത്വത്തില്‍ ഒരുസംഘം സ്ഥലത്തുപോയി പോലിസിന്റെ സഹകരണത്തോടെ യുവതിയെ കാണാന്‍ ശ്രമിച്ചത്. തങ്ങള്‍ക്കുണ്ടായ അനുഭവം ഇതാണ്: വീടിനു ചുറ്റും ടെന്റുകള്‍ കെട്ടി പോലിസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേ—ക്കു തിരിയുന്ന വഴിയിലും ഗേറ്റിലും പോലിസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അഞ്ച് വനിതാ പോലിസുകാര്‍ യുവതിയോടൊപ്പം അവരുടെ മുറിയില്‍ത്തന്നെ കഴിയുന്നതായാണ് അറിഞ്ഞത്. യുവതിക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റാരെയെങ്കിലും കാണുന്നതിനോ അനുവാദമില്ലെന്നും അറിയാനായി. യുവതിയെ കാണുന്നതിന് ഹൈക്കോടതിയുടെ ഉത്തരവു വേണമെന്നാണ് പോലിസ് പറഞ്ഞത്. സംരക്ഷണമെന്ന പേരില്‍ പോലിസ് ഒരുക്കിയിരിക്കുന്നത് കടുത്ത വീട്ടുതടങ്കല്‍ തന്നെയാണ്. ഈ പ്രശ്‌നത്തില്‍ ലിംഗവിവേചനം കൂടിയുണ്ടെന്ന് തങ്ങള്‍ ന്യായമായും സംശയിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 24നാണ് ഡോ. ഹാദിയയെ ഹൈക്കോടതി അച്ഛനൊപ്പം വിട്ടയച്ചത്. യുവതി ഇസ്‌ലാംമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതായും ഇസ്‌ലാമിക വിധിപ്രകാരം വിവാഹം നടത്തിയതായും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, മതപരിവര്‍ത്തനം നടത്തിയതിനു തെളിവില്ലെന്നും വിവാഹം ശരിയായ രീതിയിലല്ല നടന്നതെന്നും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിവാഹം അസ്ഥിരപ്പെടുത്തിയതായി പ്രഖ്യാപിച്ച കോടതി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നുവെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് നിവേദനത്തില്‍ പറയുന്നു. ഡോ. ഹാദിയ സംഭവത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചതായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ മീരാഭായ് തേജസിനോട് പറഞ്ഞു. സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയാണ് തങ്ങള്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവില്‍ ഡോ. ഹാദിയ—ക്കും വീട്ടുകാര്‍ക്കും സുരക്ഷയുടെ ഭാഗമായി നിരീക്ഷണമുണ്ടാവണമെന്നു മാത്രമാണു പറയുന്നത്. എത്രകാലം സുരക്ഷ വേണമെന്നും പറയുന്നില്ല. എന്നാല്‍, പോലിസിന്റെ കനത്ത സുരക്ഷയില്‍ മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്. ഒന്നും പറയരുതെന്ന് വക്കീല്‍ നിര്‍ദേശിച്ചതിനാല്‍ അച്ഛനില്‍നിന്ന് ഒരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ മടങ്ങി. ഡോ. ഹാദിയയുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് ഒരു വിവരവും പുറത്തുവരുന്നില്ല. പോലിസ് പറയുന്ന കാര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു ലഭിച്ചതെന്നും മീരാഭായ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it