Flash News

ഡോ. ഹാദിയ : മുഖ്യമന്ത്രിക്ക് മുസ്‌ലിം സംഘടനാ നേതാക്കള്‍ നിവേദനം നല്‍കി



മലപ്പുറം: ഡോ. ഹാദിയയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനാ നേതാക്കള്‍ മലപ്പുറത്ത് മുഖ്യമന്ത്രിയെ കണ്ടു. ഹാദിയയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോവാമെന്നും തടഞ്ഞുവയ്ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ച ശേഷവും പുറംലോകവുമായി ബന്ധപ്പെടാനാവാതെ തടവില്‍ തന്നെ കഴിയുകയാണ്. മനോരോഗമോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നല്‍കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകളില്‍ നിന്നു മനസ്സിലാവുന്നു. മാതാപിതാക്കള്‍ക്ക് സംരക്ഷണബാധ്യതയല്ലാതെ തടവില്‍ വയ്ക്കാനോ പീഡിപ്പിക്കാനോ ആരോഗ്യമോ, ജീവനോ അപകടപ്പെടുത്താനോ അനുവാദമില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരെ അയച്ച് ഉത്തരവാദപ്പെട്ട പോലിസ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ ഹാദിയയെ പരിശോധിപ്പിക്കുകയും റിപോര്‍ട്ട് പൊതുജനസമക്ഷം സമര്‍പ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണമെന്നു മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.പി കെ കുഞ്ഞാലിക്കുട്ടി എംപി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ ഐ അബ്ദുല്‍ മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍), കെ പി എ മജീദ് (മുസ്‌ലിംലീഗ്), പി ഉണ്ണീന്‍ (എംഎസ്എസ്), കെ മോയിന്‍കുട്ടി മാസ്റ്റര്‍, പി എ ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Next Story

RELATED STORIES

Share it