Flash News

ഡോ. ഹാദിയ പാഠഭേദം പേഴ്‌സന്‍ ഓഫ് ദി ഇയര്‍

കോഴിക്കോട്: പാഠഭേദം മാസികയുടെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി ഹാദിയയെ തിരഞ്ഞെടുത്തു. മതംമാറ്റവും വീട്ടുതടങ്കലും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോടതി നടപടികളും വഴി വാര്‍ത്തകളില്‍ നിറഞ്ഞ്് രാജ്യത്തിന്റെ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രത്തില്‍ ഒരു അടയാളക്കല്ലായിത്തീര്‍ന്ന സാധാരണക്കാരി പെണ്‍കുട്ടിയാണ് ഹാദിയയെന്ന് മാസിക വിലയിരുത്തി.
മധ്യതിരുവിതാംകൂറിലെ ഒരു ശരാശരി ഈഴവകുടുംബത്തില്‍ പിറന്ന്് ശരാശരി നൈപുണിയോടെ സെക്കന്‍ഡറി തലം വരെ പഠിച്ച് തമിഴ്‌നാട്ടിലെ സ്വാശ്രയ സ്ഥാപനത്തില്‍ ഹോമിയോ ഡോക്ടറാവാന്‍ ചേര്‍ന്ന അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാംമതം സ്വീകരിച്ച് മതാചാരപ്രകാരം ഷഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതാണു വിവാദമായത്.
സാധാരണനിലയ്ക്ക് ഒരു പ്രണയകഥയോ മതപരിവര്‍ത്തന കഥയോ ഒരു ലൗ ജിഹാദ് ഉമ്മാക്കിയോ ആവേണ്ടിയിരുന്ന സംഗതിയെ സഹനത്തിന്റെയും പെണ്‍കരുത്തിന്റെയും ആഖ്യാനമായി അവതരിപ്പിക്കാന്‍ ഹാദിയക്ക് കഴിഞ്ഞെന്നും പാഠഭേദം വിലയിരുത്തി. തന്നെ ഹാദിയ എന്നുപോലും വിളിക്കാതെ അഖിലയെന്നു വിളിക്കാന്‍ ബദ്ധപ്പെട്ട ലോകത്തോടായിരുന്നു ഹാദിയയുടെ യുദ്ധം. എത്ര വലിയ അഗ്നിപരീക്ഷകളിലൂടെയാണ് ആ പെണ്‍കുട്ടി കടന്നുപോയത്്? നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ)യും മാധ്യമങ്ങളും കോടതികളുമെല്ലാം ഹാദിയയെ ഒരു ലബോറട്ടറി സ്‌പെസിമെനാക്കിക്കിടത്തി സ്വന്തം പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. സൈക്കോളജിക്കല്‍ കിഡ്‌നാപ്പിങ്്, സ്റ്റോക്‌ഹോം സിന്‍ഡ്രോം, ഇന്‍ഡോക്ട്രിനേഷന്‍, ഡിപ്രോഗ്രാമിങ്് തുടങ്ങിയ നിരവധി പദസൂചികകളുടെ സൂചിക്കുത്തേറ്റു പിടയുകയായിരുന്നു ഹാദിയ.
എന്നാല്‍, തികഞ്ഞ മനോദാര്‍ഢ്യത്തോടെ അര്‍ഥശങ്കയ്ക്കിടയില്ലാതെ സുപ്രിംകോടതിയില്‍ തനിക്ക്് 'ഒരു മനുഷ്യജീവിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം തരൂ' എന്ന് ഉറച്ച നിലപാടോടെ ആവശ്യപ്പെടുകയായിരുന്നു അവര്‍. സ്വന്തം മതം ഏതായിരിക്കണമെന്നും തന്റെ ഭര്‍ത്താവ് ആരായിരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു സ്ത്രീയും ഇതിനു മുമ്പ് ഇത്ര വലിയ പോരാട്ടം നടത്തിയിട്ടില്ല. സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി ബലിയാടായ സ്ത്രീയല്ല ഹാദിയ. അതിനു വേണ്ടി പോരാടി ജീവിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. അതുകൊണ്ടാണ് മാസിക ഹാദിയയെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കുന്നതെന്നും രണ്ടു പേജുള്ള കുറിപ്പില്‍ പാഠഭേദം വ്യക്തമാക്കുന്നു. എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന്് പ്രസിദ്ധീകരിക്കുന്ന മാസികയാണു പാഠഭേദം.
അതേസമയം, 2017ലെ രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയിലും ഹാദിയ. സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ വനിതകളെക്കുറിച്ച് ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ 'ദ ന്യൂസ് മിനിറ്റ്' സര്‍വേ നടത്തി തയ്യാറാക്കിയ പട്ടികയിലാണ് ഹാദിയ സ്ഥാനംപിടിച്ചത്.
ഹാദിയയെ കൂടാതെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി, മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമാ കലക്റ്റീവ്, നടി പാര്‍വതി, മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ ബോധവല്‍ക്കരണം നടത്തിയ ഡോ. ഷിംന അസീസ് തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനിതകള്‍ ശക്തമായ നിലപാടുള്ളവരാണെന്ന് സര്‍വേ നിരീക്ഷിക്കുന്നു.
Next Story

RELATED STORIES

Share it