Flash News

ഡോ.ഹാദിയ : ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍ ഭയം മൂലം- എം സി ജോസഫൈന്‍



കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ഹാദിയ സുപ്രിംകോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിലെ ഭയംകൊണ്ടാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹാദിയയെ കാണുന്നതിന് മുമ്പ് സംസ്ഥാന കമ്മീഷന്റെ അഭിപ്രായം തേടാനുള്ള സാമാന്യ മര്യാദ ദേശീയ വനിതാ കമ്മീഷന്‍ കാണിച്ചില്ല. കേസ് സംബന്ധിച്ച് റിപോര്‍ട്ട് തേടുകയും ചെയ്തില്ല. വീട്ടില്‍ പോയി കുശലം പറഞ്ഞതുകൊണ്ട് കാര്യമായില്ല. യുവതിയുടെ അവകാശ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും എം സി ജോസഫൈന്‍ പറഞ്ഞു. എസ്പിയുടെ നേതൃത്വത്തി ല്‍ ഒരു സംഘത്തെ തന്നെ ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ അഞ്ച് ദിവസം കൂടുമ്പോഴും അന്വേഷണ സംഘം റിപോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. സംരക്ഷണ ചുമതലയുള്ള വനിതാ പോലിസുകാരുടെ അഭിപ്രായം ആരായണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന്‍ കൂട്ടിചേര്‍ത്തു. വിവാദം ഉയര്‍ന്നുവന്നപ്പോ ള്‍ കമ്മീഷന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് എജിയോട് നിയമോപദേശം തേടിയത്. എജിയുടെ നിയമോപദേശമനുസരിച്ചാണ് ഹാദിയയുടെ കേസില്‍ കക്ഷി ചേര്‍ന്നത്. സുപ്രിംകോടതി ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ഉത്തരവിറക്കിയതും വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഹാദിയയുടെ വീട്ടില്‍ ആരൊക്കെയോ വന്നുപോവുന്നുണ്ടെന്ന് ഊഹാപോഹങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.  കേസ് പരിഗണിക്കുന്ന 27ന് മുമ്പ് സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിക്കുമെന്ന സൂചനയും ജോസഫൈന്‍ നല്‍കി. അതേസമയം, ഓരോ ദിവസവും വനിതകള്‍ ഇരയാവുന്ന സംഭവത്തില്‍ പരാതികള്‍ വര്‍ധിച്ചുവരുകയാണെന്നും ജോസഫൈ ന്‍ പറഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ള പെണ്‍കുട്ടികള്‍ പോലും സ്ത്രീധന പീഡനത്തിന് ഇരയാവുകയാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനുകാരണം. പുതുതലമുറയെ ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി ബോധവാന്‍മാരാക്കാന്‍ കോളജുകള്‍ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി ഉടന്‍ ആരംഭിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍  അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ തുറന്നുപറയുകയും പരിഹാരമാര്‍ഗങ്ങള്‍  തേടുകയുമായിരിക്കും പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it