ഡോ. ഹാദിയാ കേസ്,,,വിധി സംഘടനാ നിലപാടിനുള്ള അംഗീകാരം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: ഹാദിയാ കേസില്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. കേസിന്റെ തുടക്കം മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വീകരിച്ച നിലപാടിനെ ശരിവയ്ക്കുന്നതാണു സുപ്രിംകോടതി വിധി.
ഒരു ഹേബിയസ് കോര്‍പസ് ഹരജിയെ തീവ്രവാദക്കേസായി ചിത്രീകരിക്കാനും അതുവഴി നിരപരാധികളായ ഒരു വിഭാഗത്തെ കുറ്റവാളികളാക്കാനുമുള്ള ഭരണകൂട ഗൂഢാലോചനയാണു ഹാദിയാ കേസിന്റെ ഭാഗമായി നടന്നത്. ഇതിനായി കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയും കുപ്രചാരണങ്ങളിലൂടെ വന്‍തോതില്‍ ഭീതിപരത്തുകയുമായിരുന്നു. ഇതിനെതിരേ നടത്തിയ ശക്തമായ നിയമപോരാട്ടത്തിനു വിജയം കാണാനായതു രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്.
അതേസമയം, വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിയമം ദുരുപയോഗം ചെയ്‌തെന്ന സുപ്രിംകോടതി നിരീക്ഷണം ജനാധിപത്യ സമൂഹം ഗൗരവമായി കാണണം. ഹാദിയ ഇസ്‌ലാം സ്വീകരിച്ചതും വിവാഹം കഴിച്ചതുമായും ബന്ധപ്പെടുത്തി നടത്തിയ എല്ലാ വ്യാജ പ്രചാരണങ്ങള്‍ക്കും ഇതോടെ അന്ത്യമായിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള നിയമ പോരാട്ടമെന്ന നിലയിലാണ് ഹാദിയ കേസ് നടത്തിപ്പിന് പോപുലര്‍ ഫ്രണ്ട് മുന്‍കൈ എടുത്തത്. ഇക്കാര്യത്തില്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു.
കേസ് നടത്തിപ്പിലടക്കം മുസ്‌ലിം സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രാര്‍ഥനയും ഓരോ ഘട്ടത്തിലും ഉണ്ടായി.
പിന്തുണച്ച എല്ലാ വിഭാഗങ്ങള്‍ക്കും പോപുലര്‍ ഫ്രണ്ട് നന്ദി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ എം കെ അശ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it