Flash News

ഡോ.ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം: എന്‍ഡബ്ല്യുഎഫ്



തിരുവനന്തപുരം: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ മെയ് 26 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യസ്‌നേഹികളും ജനാധിപത്യ വിശ്വാസികളും ഇടപെടണമെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ് ഡോ. ഹാദിയ. ഹാദിയക്ക് വീട്ടില്‍ സുരക്ഷയൊരുക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ മറവില്‍ സകല സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപോര്‍ട്ടുകളെത്തുടര്‍ന്ന് വസ്തുതകള്‍ നേരിട്ടുമനസ്സിലാക്കാനായി ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി ടി കെ മീരാഭായിയുടെ നേതൃത്വത്തില്‍ ഒരുസംഘം സ്ഥലത്തെത്തി യുവതിയെ കാണാന്‍ ശ്രമിച്ചിരുന്നു. മറ്റാരെയും കാണിക്കാന്‍ അനുവാദമില്ലെന്നും ഹൈക്കോടതി ഉത്തരവ് വേണമെന്നുമാണ് പോലിസ് അറിയിച്ചത്. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട് പത്രം വായിക്കാനോ ഫോണുപയോഗിക്കാനോ മുറിക്ക് പുറത്തിറങ്ങോനോ പോലും സാധ്യമാവാത്തവിധം കടുത്ത നിയന്ത്രണമാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും  നിരന്തരം സംസാരിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ കണ്‍മുമ്പിലാണ് ഇത്തരമൊരു നീതിനിഷേധം നിര്‍ബാധം തുടരുന്നത്. വിഷം കുത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള പീഡനമുറകള്‍ ഇത്തരം കേസുകളിലുണ്ടായതായ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ഹാദിയയുടെ ജീവന്‍ വരെ അപകടത്തിലാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഹാദിയക്ക് ലഭ്യമാവേണ്ട മനുഷ്യാവകാശം ഉറപ്പുവരുത്താന്‍ പ്രയത്‌നിക്കേണ്ടത്  നീതി പുലരണമെന്നാഗ്രഹിക്കുന്ന ഓരോ പൗരന്റേയും കടമയാണ്. ഹാദിയ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അറുതി വരുത്തി അവരെ സ്വതന്ത്രയാക്കാന്‍  മനുഷ്യസ്‌നേഹികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ നസീമ, സംസ്ഥാന കമ്മിറ്റി അംഗം എ എഫ് റജീന, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജസീറ സംബന്ധിച്ചു.
Next Story

RELATED STORIES

Share it