Flash News

ഡോ. ഹാദിയയുടെ ജീവന്‍ രക്ഷിക്കുക ; കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്



കോട്ടയം: ഡോ. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കലക്ടറേറ്റുകളിലേക്ക് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ സംയുക്ത മാര്‍ച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാസങ്ങളായി സംഘപരിവാരത്തിന്റെയും പോലിസിന്റെയും മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലാണ് ഹാദിയ. നവംബര്‍ 27ന് ഹാദിയയെ ആരോഗ്യത്തോടെയും സ്വബോധത്തോടെയും കോടതിയില്‍ ഹാജരാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പോലിസ് റിപോര്‍ട്ട് പുറത്തുവിടുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇപ്പോഴും കാര്യമായി ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയയ്ക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യം നല്‍കുക, വൈദ്യസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംയുക്ത മാര്‍ച്ച് നടത്തുന്നതെന്നു സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശിഹാബ് കാസിം, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് അര്‍ഷദ്, ജിഐഒ ജില്ലാ പ്രസിഡന്റ് തസ്‌നി അഷ്ഫാഖ് അറിയിച്ചത്. അതിനിടെ, വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്കു വൈദ്യസഹായം ലഭ്യമാക്കുന്നതിന് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം വൈക്കം ടിവി പുരത്തെ വസതി ഇന്ന് സന്ദര്‍ശിക്കുമെന്നു ജില്ലാ പ്രസിഡന്റ് ശിഹാബ് കാസിം അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ സ്വാലിഹ്, വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, ജനറല്‍ സെക്രട്ടറി ഉമര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍, ദലിത് സാഹിത്യകാരന്‍ കെ കെ കൊച്ച്, വിന്‍സന്റ്, ഗോപാല മേനോന്‍ എന്നിവരുമുണ്ടാവും.
Next Story

RELATED STORIES

Share it