Flash News

ഡോ. ഹാദിയക്ക് നീതി ലഭ്യമാക്കണം : എന്‍ഡബ്ല്യുഎഫ് വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി



തിരുവനന്തപുരം: ഡോ. ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നിവേദനം നല്‍കി. ബിഎച്ച്എംഎസ് ബിരുദധാരിണിയായ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ ഇസ്്‌ലാമിക നിയമപ്രകാരം വിവാഹം ചെയ്തത്. എന്നാല്‍, ഹൈക്കോടതി ആ വിവാഹം അസാധുവാക്കിയിരിക്കുകയാണ്. ജനാധിപത്യമതേതര ഇന്ത്യയില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാനും പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ പൗരന് വകവച്ച് നല്‍കുന്ന മൗലികാവകാശങ്ങളുടെ പ്രകടമായ ലംഘനം തന്നെയാണ് ഇത്തരമൊരു വിധിയിലൂടെ നീതിപീഠത്തില്‍ നിന്നുമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്വന്തം വീട്ടിലേക്ക് പോവാനാഗ്രഹിക്കാത്ത യുവതിയെ ബലംപ്രയോഗിച്ച് വീട്ടുതടങ്കലിലാക്കിയത് തീര്‍ത്തും മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരേ ശബ്ദിക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റെയും ബാധ്യതയാണ്. ഈ വിധിക്കെതിരേ മൗനം പാലിക്കുകയാണെങ്കില്‍ ഇത്തരം വിധികള്‍ ഇനിയും കോടതികള്‍ തുടരും. ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നും അവളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഭാരവാഹികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് മാജിദാ നിസാം, ജില്ലാകമ്മിറ്റിയംഗം ഫാത്തിമ എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it