ഡോ. ഷാനവാസിന്റെ മരണം: പഴുതടച്ചുള്ള അന്വേഷണം ഉറപ്പുലഭിച്ചതായി പിതാവ്

കോഴിക്കോട്: നിലമ്പൂര്‍ വടപുറം സ്വദേശി ഡോ. പി സി ഷാനവാസിന്റെ ദുരൂഹ മരണത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഷാനവാസിന്റെ പിതാവ് പി സി മുഹമ്മദ്. 2015 ഫെബ്രുവരി 13ന് രാത്രി കോഴിക്കോട്ടുനിന്നു കാറില്‍ വീട്ടിലേക്കു മടങ്ങുംവഴി ഛര്‍ദ്ദിച്ച ഷാനവാസിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രക്തസമ്മര്‍ദ്ദവും ഛര്‍ദ്ദിയില്‍ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുടുങ്ങിയതുമാണു മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് മുന്‍ ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. ഭരണ- ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് അന്വേഷണം ഭാഗികമായി മരവിച്ചു. ഈ സാഹചര്യത്തിലാണ് 20 അംഗ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡോക്ടറുടെ പിതാവ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.
മൂന്നുവര്‍ഷം തികയും മുമ്പേ സ്വന്തം ജില്ലയില്‍ ഒഴിവുണ്ടായിട്ടും തന്നെ മറ്റു ജില്ലയിലേക്ക് സ്ഥലംമാറ്റിയ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഷാനവാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ മൂന്നു മാസം തികയുംമുമ്പേ അവിടെനിന്നു ശീതവാണി കാടുകളിലേക്കും തന്നെ മാറ്റിയത് മനുഷ്യാവകാശ ലംഘനമാണെന്നും എതിരാളികള്‍ വമ്പന്‍ സ്രാവുകളാണെന്നും ആരോപിച്ച് ഷാനവാസ് രംഗത്തെത്തിയ ഉടനെയായിരുന്നു മരണം.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഡോ. ഷാനവാസ് തന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പടങ്ങള്‍ ഫേസ്ബുക്ക് വഴി പങ്കിട്ടിരുന്നു. ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Next Story

RELATED STORIES

Share it