Flash News

ഡോ. നീരു ഛദ്ദ രാജ്യാന്തര കോടതി ജഡ്ജി



ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള സമുദ്ര തര്‍ക്കം സംബന്ധിച്ച രാജ്യാന്തര കോടതി (ഐടിഎല്‍ഒഎസ്) ജഡ്ജിയായി ഇന്ത്യക്കാരി ഡോ. നീരു ഛദ്ദയെ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണു ഛദ്ദ. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ പി ചന്ദ്രശേഖര റാവു കോടതിയിലെ ജഡ്ജിയാണ്. അദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം സപ്തംബറില്‍ അവസാനിക്കുകയാണ്. ഒഴിവുകളുള്ള ഏഴ് സീറ്റുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്. ആദ്യറൗണ്ട് വോട്ടെടുപ്പില്‍ തന്നെ കൂടുതല്‍ പിന്തുണനേടിയാണ് ഡോ. നീരു ഛദ്ദ തിരഞ്ഞെടുക്കപ്പെട്ടത്. 120 വോട്ടുകളാണ് ഇവര്‍ക്കു ലഭിച്ചത്. 21 സ്വതന്ത്ര അംഗങ്ങളാണ് കോടതിയിലുള്ളത്. ഏഷ്യാ പസഫിക് ഗ്രൂപ്പില്‍പ്പെട്ട ഇന്ത്യോ നീസ്യയില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്ക് 58 വോട്ടുകള്‍ കിട്ടിയപ്പോള്‍ ലബ്‌നാന്‍ പ്രതിനിധിക്ക് 60ഉം തായ് പ്രതിനിധിക്ക് 86ഉം വോട്ടുകള്‍ കിട്ടി. യുഎന്‍ പൊതുസഭയുടെ അധ്യക്ഷയായി വിജയ്‌ലക്ഷ്മി പണ്ഡിറ്റിനു ശേഷം യുഎന്നിലെ ഉന്നത സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരികൂടിയാണ് ഡോ. നീരു.  മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദം കരസ്ഥമാക്കിയ ഡോ. നീരു 1992 മുതല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിയമമേഖലയില്‍ സേവനംചെയ്തുവരികയാണ്. 2012ല്‍ മന്ത്രാലയത്തിന്റെ മുഖ്യനിയമോപദേശകയുമായി. കേരളത്തിലെ കടല്‍ത്തീരത്ത് വച്ച് രണ്ടു മല്‍സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കേസില്‍ നിലവില്‍ ഹേഗിലെ രാജ്യാന്തര കോടതിയില്‍ നടന്നുവരുന്ന കേസില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ഇവരായിരുന്നു. നീരുവിന്റെ വിജയത്തെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പ്രശംസിച്ചു.
Next Story

RELATED STORIES

Share it