ഡോ. കെ പ്രതിഭയുടെ നിവേദനം രണ്ട് മാസത്തിനകം തീര്‍പ്പാക്കണമെന്ന് നിര്‍ദേശം

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരായ പരാതി വകുപ്പു സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. കെ പ്രതിഭ നല്‍കിയ നിവേദനം രണ്ടു മാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരേ ആഭ്യന്തര വകുപ്പിനു താന്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഡോ. പ്രതിഭയുടെ പരാതി. ഏപ്രില്‍ 24ന് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു മുന്നില്‍ തന്നെ ഹാജരാവാനാണ് പ്രതിഭയ്ക്ക് നോട്ടീസ് ലഭിച്ചത്. പരാതിയിലെ എതിര്‍കക്ഷിയായ ഡയറക്ടര്‍ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് സെക്രട്ടറിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. പരാതിക്കാരിയെയും എതിര്‍കക്ഷിയെയും കേട്ടശേഷം രണ്ടു മാസത്തിനകം സെക്രട്ടറി തീര്‍പ്പുണ്ടാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 16ന് പോലിസ് പിടികൂടിയ ഹര്‍ത്താല്‍ അനുകൂലികളെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ശരീരത്തിലുള്ള മുറിവുകള്‍ ആശുപത്രി രേഖകളില്‍ ഡോ. പ്രതിഭ രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കെടേരി ഭീഷണിപ്പെടുത്തിയെന്ന് ഡോ. പ്രതിഭ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it