Flash News

ഡോ. കഫീല്‍ ഖാനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ച് വനിതാ ഡോക്ടര്‍

കോഴിക്കോട്: നിപാ വൈറസ് ബാധിതരെ പരിചരിക്കാനും ചികില്‍സിക്കാനുമുള്ള സന്നദ്ധത അറിയിച്ച യുപിയിലെ ഡോക്ടര്‍ ഡോ. കഫീല്‍ ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയും വനിതാ ഡോക്ടര്‍.
കോഴിക്കോട് മെഡിക്കള്‍ കോളജിലെ അമ്പിളി കടന്നയില്‍ എന്ന ഡോക്ടറാണ് ഇരുവരെയും പരിഹസിച്ചും അധിക്ഷേപിച്ചും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. സ്വന്തം പോസ്റ്റിലൂടെയും അതിലെ കമന്റുകള്‍ക്കുള്ള റിപ്ലേകളിലൂടെയുമാണ് അമ്പിളി കഫീല്‍ഖാനെയും മുഖ്യമന്ത്രിയെയും പരിഹസിക്കുന്നതും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി ഡോക്ടറാണ് താന്‍ എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. 'കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം' എന്നാണ് ഇതുസംബന്ധിച്ച് അമ്പിളിയിട്ട പോസ്റ്റ്. ഇതിനുള്ള കമന്റുകളിലാണ് കഫീല്‍ ഖാനെ ഇവര്‍ അപമാനിക്കുന്നത്. ഇതിനെതിരെയുള്ള കമന്റിനാണ് അമ്പിളിയുടെ വിദ്വേഷ മറുപടി. 'നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസ്സിലാവും. പക്ഷേ, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. അയാള്‍, കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്നു പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ആണു ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളേക്കാള്‍ നേരിട്ടറിയാം.
മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല' എന്നാണ് അമ്പിളിയുടെ മറുപടി. ഇതിനു തൊട്ടുതാഴെ കഫീല്‍ഖാനെ കൊലയാളിയാക്കിയാണ് അമ്പിളിയുടെ അടുത്ത കമന്റ്. 'തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തുപറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്' എന്നായിരുന്നു അമ്പിളിയുടെ പരാമര്‍ശം. കഠ്‌വ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വിവാദ കമന്റിട്ട് സമൂഹമാധ്യമങ്ങളില്‍ കുപ്രസിദ്ധി നേടിയ ആളാണ് ഈ ഡോക്ടറെന്നും സമൂഹമാധ്യമങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.
നിപാ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ഥിച്ച യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ സന്ദേശത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. കഫീല്‍ ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it