ഡോ. കഫീല്‍ഖാന് ജാമ്യം

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളടക്കം ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്നു മുദ്രകുത്തി ജയിലിലടച്ച ഡോ. കഫീല്‍ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടുമാസത്തിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന,മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒപ്പം മേലധികാരികളെ അറിയിക്കാതെ ലീവെടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നിവയും അദ്ദേഹത്തിനെതിരേ ഉന്നയിച്ചിരുന്നു.
കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടയുന്നതു കണ്ട് പുറത്തുനിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ചത് ഡോ. കഫീല്‍ഖാന്‍ ആയിരുന്നു. അന്ന് ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഫീല്‍ഖാനെതിരേ ഭീഷണി മുഴക്കിയിരുന്നു. സിലിണ്ടറുകള്‍ കൊണ്ടുവന്ന് നീ വലിയ ഹീറോ ആയെന്നാണോ കരുതുന്നത്. നിന്നെ കണ്ടോളാം എന്ന ഭീഷണിയാണ് യോഗി ഡോക്ടര്‍ക്കു നേരെ മുഴക്കിയത്.
ചാനലുകളോട് സംസാരിക്കവെ, സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതുകൊണ്ടാണ് പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്താതിരുന്നതെന്ന് കഫീല്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. യോഗി ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകം അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് മറ്റു രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സപ്തംബറിലാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it