ഡോ. എന്‍ പി പി നമ്പൂതിരി അന്തരിച്ചു

കൊച്ചി:  ആയുര്‍വേദ നേത്രരോഗ ചികില്‍സാ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാശുപത്രി ഗവേഷണകേന്ദ്രം  മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍ പി പി നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 5.50ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി  ചികില്‍സയിലായിരുന്നു. നേത്രരോഗചികില്‍സയെ സംബന്ധിച്ച് ഗവേഷണം നടത്തി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണിനെ ബാധിക്കുന്ന ചില പ്രത്യേക രോഗങ്ങള്‍  ആയുര്‍വേദ ചികില്‍സയിലൂടെ ഭേദമാക്കാന്‍ കഴിയുമെന്നുള്ള അറിവ് ലോകത്തിന് നല്‍കി.  കാഴ്ചയുടെ തമ്പുരാന്‍ എന്ന പേരിലാണ് ഡോ. എന്‍പിപി അറിയപ്പെടുന്നത്. കൂത്താട്ടുകുളം നെല്യക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും പൈങ്ങോട്ടില്ലത്ത് പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1949 ഒക്ടോബര്‍ 29ന്  ജനിച്ചു. കൂത്താട്ടുകുളത്തെ സ്‌കൂളിലെ പഠനത്തിന് ശേഷം തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ നിന്ന് ബിരുദം നേടി. 1977ല്‍ ആയുര്‍വേദ ഡോക്ടറായി സംസ്ഥാന സര്‍ക്കാരില്‍ സേവനമാരംഭിച്ചു. ഭാര്യ: അമനകര പുനത്തില്‍ ഇല്ലത്ത്  ജയശ്രീ പി നമ്പൂതിരി.  മക്കള്‍: ഡോ. ശ്രീകല, ശ്രീരാജ്, ഡോ. ശ്രീകാന്ത് (ആയുര്‍വേദ ആശുപത്രി തൊടുപുഴ)  , ശ്രീദേവി . മരുമക്കള്‍ : ബിജു പ്രസാദ് കോട്ടയം (സിഇഒ ശ്രീധരീയം) , ശ്രുതി പാലക്കാട് , ഡോ. അഞ്ജലി , ഉദനേശ്വര പ്രസാദ് .  സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നെല്യക്കാട്ട് മനയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജനപ്രതിനിധിനിധികളും , വിവിധ സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ  ആയിരങ്ങള്‍  ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it