Pathanamthitta local

ഡോക്‌ടേഴ്‌സ് ലൈനില്‍ അപകടം പതിയിരിക്കുന്നു



പത്തനംതിട്ട: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപപാതകളിലൊന്നായ ഡോക്‌ടേഴ്‌സ് ലൈനിലെ കലുങ്ക് തകര്‍ന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയാണിത്. വിജിലന്‍സ് ഓഫീസിന്റെ പടിക്കല്‍ നിന്നും ടികെ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കലുങ്കിന്റെ ഒരു വശം ഇടിഞ്ഞു പോയിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഈ തകര്‍ച്ച ശ്രദ്ധയില്‍പ്പെടില്ല. മാത്രവുമല്ല, കലുങ്കിന്റെ ശേഷിക്കുന്ന ഭാഗം ദുര്‍ബലവുമാണ്. മുമ്പ് തന്നെ ഈ കലുങ്കിന്റെ നിര്‍മാണത്തിലെ അപാകത നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രവുമല്ല, ഇതിന് കൈവരിയും സ്ഥപിച്ചിട്ടില്ല. ഇതു കാരണം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകടമുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇരുചക്ര-മുച്ചക്രവാഹനങ്ങളും കാറുകളുമാണ് ഈ പാത പ്രധാനമായും ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ മിനിലോറിയും ടെമ്പോയും ഇതുവഴി കടന്നു പോവും. നഗരത്തിലെ തിരക്കില്‍ നിന്നും രക്ഷപ്പെടുന്നതിനും വണ്‍വേ പാലിക്കുന്നതിനും വേണ്ടിയാണ് ഈ റോഡ് വാഹനയാത്രികര്‍ ഉപയോഗിക്കുന്നത്. വിജിലന്‍സ് ഓഫിസ് മുതല്‍ ടികെ റോഡിലേക്ക് പ്രവേശിക്കുന്നതു വരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന്റെ അറ്റകുറ്റപ്പണിയ്ക്കായി നഗരസഭ ഫണ്ട് അനുവദിച്ചെങ്കിലും പണി മാത്രം നടന്നിട്ടില്ല. ഇനിയിപ്പോള്‍ മഴക്കാലം തുടങ്ങുകയാണ്. അതിന് മുന്‍പ് പണി തുടങ്ങുന്ന ലക്ഷണവും കാണുന്നില്ല. ഈ റോഡിന്റെ പകുതി ഭാഗം ഓടയാണ്. ഇതിന്റെ മേല്‍മൂടി കൂടി റോഡായി ഉപയോഗിക്കുകയാണ്. മേല്‍മൂടികളില്‍ പലതും ബലക്ഷയമുള്ളവയാണ്. ഭാരമുള്ള വാഹനങ്ങള്‍ നിരന്തരമായി കടന്നുപോവുന്നത് കാരണം ഇതില്‍ പലതും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് റോഡിന്റെയും കലുങ്കിന്റെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it