ernakulam local

ഡോക്ടറുടെ കൈപ്പിഴ: നവാസിന്റെയും കുടുംബത്തിന്റെയും കണ്ണുനീര്‍ തോരുന്നില്ല

പറവൂര്‍: നവാസിന്റെയും കുടുംബത്തിന്റെയും കണ്ണുനീര്‍ തോരുന്നില്ല. പ്രസവം കൈകാര്യം ചെയ്ത ഡോക്ടര്‍ക്ക് സംഭവിച്ച കൈപ്പിഴമൂലം രണ്ടുവര്‍ഷത്തിലേറെയായി ഈ കുടുംബം ദുരിതക്കയത്തിലാണ്.
നീറിക്കോട് പള്ളത്ത്പറമ്പില്‍ നവാസിന്റെ ഭാര്യ നൗഫിയയുടെ മൂന്നാം പ്രസവമാണ് കുടുംബത്തെ തീരാദു:ഖത്തിലേക്ക് തള്ളിവിട്ടത്. പ്രസവം എടുത്ത പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിന് പറ്റിയ കൈപ്പിഴയില്‍ കുഞ്ഞിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. 2014 മാര്‍ച്ച് 4നായിരുന്നു പ്രസവം. ജനിച്ചിട്ടിതുവരെ കുഞ്ഞ് സംസാരിക്കുകയോ കരയുകയോ ചെയ്തിട്ടില്ല.
എഴുന്നേറ്റ് ഇരിക്കുകയില്ല, ഇടതുകൈക്ക് അനക്കമില്ല, തൊണ്ടയ്ക്കു ക്ഷതം സംഭവിച്ചതിനാല്‍ വായിലൂടെ വെള്ളംപോലും കുടിക്കാനാവില്ല. വെള്ളം വായിലൊഴിച്ചുകൊടുത്താന്‍ തുമ്മലുണ്ടാവും. കണ്ണില്‍ക്കൂടി വെള്ളം വരും. പൊക്കിളിനരികെ ഓപറേഷന്‍ നടത്തി ട്യൂബിട്ടാണ് ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിവരുന്നത്. പീഡിയാഷോര്‍ എന്ന പൊടി അഞ്ചുടിന്‍ ഒരുമാസം വാങ്ങണം. 3000 രൂപ ഇതിനുമാത്രമാവും. താലൂക്ക് ആശുപത്രിയില്‍ പ്രസവം നടന്ന് കുഞ്ഞിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലും ഇടപ്പള്ളി അമൃത ആശുപത്രിയിലും എത്തിച്ചപ്പോഴാണ് പ്രസവം കൈകാര്യം ചെയ്തതിലെ പിഴവാണ് കുഞ്ഞിന്റെ ദാരുണാവസ്ഥയ്ക്കു കാരണമെന്നു ബോധ്യപ്പെട്ടത്.
ആദ്യഘട്ടത്തില്‍ പിഴവ് സമ്മതിച്ച് ചികില്‍സാ ചെലവ് വഹിക്കാമെന്ന് സമ്മതിച്ച ഡോക്ടര്‍ പിന്നീട് പിന്മാറി. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഡോക്ടറുടെ വീടിനു മുന്നിലും താലൂക്ക് ആശുപത്രിക്കു മുന്നിലും സമരം നടത്തുകയും ഡിഎംഒ ഉള്‍പെടെയുള്ളവരെ തടഞ്ഞുവയ്ക്കുകവരെയുണ്ടായി. ഒടുവില്‍ അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് വഴി മുഖ്യമന്ത്രി ഇടപെട്ടു.
ഒരുലക്ഷംരൂപ ചികില്‍സാ സഹായം നല്‍കി. തിരുവനന്തപുരം ശ്രീ ചിത്തിരയില്‍ സൗജന്യചികില്‍സ ഏര്‍പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കുഞ്ഞിന്റെ ചികില്‍സയ്ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ അമൃത ആശുപത്രിയിലായതിനാല്‍ ശ്രീചിത്തിരയിലെ ചികില്‍സ സ്വീകരിച്ചില്ല. അമൃതയിലെ ചികില്‍സാ ചെലവ് താങ്ങാനുമാവുന്നില്ല.
നാട്ടുകാര്‍ നല്‍കിയ സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെ ചികില്‍സ നടന്നത്.
രണ്ട് പെണ്‍കുട്ടികളായിരുന്ന നവാസ്-നൗഫിയ ദമ്പതികള്‍ക്ക് ആഗ്രഹം പോലെ ആണ്‍കുഞ്ഞിനെ ലഭിച്ചെങ്കിലും നിത്യദു:ഖമാണ് വിധി സമ്മാനിച്ചത്. കൂലിപ്പണിക്കാരനായ നവാസ് രണ്ടര സെന്റിലുള്ള തറവാട്ട് വീട്ടിലാണ് താമസം. കുഞ്ഞിന് തുടര്‍ചികില്‍സ ഇനിയും ദീര്‍ഘനാള്‍ നടത്തേണ്ടിവരും. ഇപ്പോള്‍ ആഹാരം കൊടുക്കാന്‍പോലും വിഷമിക്കുകയാണ്.
നീറിക്കോട് മഹല്ല് സെക്രട്ടറി സിറാജ് ചെയര്‍മാനും വാര്‍ഡ് അംഗം കാഞ്ചന സോമന്‍ കണ്‍വീനറുമായി ചികില്‍സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ കരുമാലൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 17490100009467. ഐഎഫ്എസ്‌സി-എഫ്ഡിആര്‍എല്‍ 0001749. നവാസിന്റെ ഫോണ്‍: 9656589811.
Next Story

RELATED STORIES

Share it