ഡോക്ടറും നാട്ടുകാരും തമ്മില്‍ കൈയാങ്കളി

കൊടുങ്ങല്ലൂര്‍: ഗുരുതരമായി പരിക്കേറ്റ മൂന്നര വയസ്സുകാരിയെ വിദഗ്ധ ചികില്‍സയ്ക്കു കൊണ്ടുപോയ ആംബുലന്‍സില്‍ നിന്നു കൂടെപോവാനൊരുങ്ങിയ നഴ്‌സിനെ ഡോക്ടര്‍ വിളിച്ചിറക്കി. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ഡോക്ടറെ കൈകാര്യം ചെയ്തു. ആശുപത്രിയുടെ നേരെയും ആക്രമണമുണ്ടായി. ഇന്നലെ വൈകീട്ട് നാലോടെ കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയിലാണ് സംഭവം. ചേരമാന്‍ മസ്ജിദിനു സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മതിലിലിടിക്കുകയായിരുന്നു. കുഴുപ്പിള്ളി പുന്നിലത്തു അബ്ദുല്‍ അസീസ്, ഭാര്യ സക്കീന, ഇവരുടെ മകന്റെ ഭാര്യ, രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഓട്ടോയുടെ അടിയില്‍പ്പെട്ട മൂന്നര വയസ്സുകാരി ഫാത്തിമയെയുമായാണു നാട്ടുകാര്‍ ഗൗരിശങ്കര്‍ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ആര്‍ എംഒ ഡോ. രാഹുല്‍ മേനോന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഇതോടെ പരിക്കേറ്റ മറ്റുള്ളവരെയും കൊച്ചിയിലേക്ക് കൊണ്ടുപോവാനായി ആംബുലന്‍സില്‍ കയറ്റി. കൂടെ പോവാനായി ആശുപത്രിയില്‍ നിന്നു നഴ്‌സും ആംബുലന്‍സില്‍ കയറി. എന്നാല്‍ ഡോ. രാഹുല്‍ മേനോന്‍ ഇവരെ നിര്‍ബന്ധപൂര്‍വം ആംബുലന്‍സില്‍ നിന്നു വിളിച്ചിറക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ നടപടി ചോദ്യം ചെയ്തതോടെ ഡോക്ടര്‍ നാട്ടുകാരോടു തട്ടിക്കയറുകയായിരുന്നുവത്രെ. ക്ഷുഭിതരായ നാട്ടുകാര്‍ ഡോക്ടറെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിനിടെ ആശുപത്രിയിലെ ഒപി കാബിന്‍ നാട്ടുകാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു. മര്‍ദനമേറ്റ ഡോക്ടര്‍ നാട്ടുകാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന അഞ്ചപ്പാലം സ്വദേശി ഷെഫീഖിനെ, തന്നെ മര്‍ദിച്ചയാളെന്നു പറഞ്ഞ് കഴുത്തിനു പിടിച്ച് ആക്രമിച്ചതോടെ നാട്ടുകാര്‍ വീണ്ടും ഇടഞ്ഞു. സംഭവസ്ഥലത്തെത്തിയ നഗരസഭാ കൗണ്‍സിലര്‍ കെ എസ് കൈസാബ് ഇടപെട്ടാണു നാട്ടുകാരെ ശാന്തരാക്കിയത്. അതേസമയം, ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചു.
Next Story

RELATED STORIES

Share it