Kerala

ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധി; ശക്തമായി നേരിടുമെന്ന് മന്ത്രി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭരംഗത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. സെക്രട്ടേറിയറ്റ് നടയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സംസ്ഥാനവ്യാപകമായി കൂട്ട അവധിയെടുക്കും. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിപ്പിച്ച് മറ്റു വിഭാഗങ്ങളിലെ ചികില്‍സയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
കെ.ജി.എം.ഒ.എ. ഭാരവാഹികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. ഡോക്ടര്‍മാര്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ നടത്താനും കെ.ജി.എം.ഒ.എ. തീരുമാനിച്ചു.
അതേസമയം, സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സംഘടന മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സര്‍ക്കാരിനെ അറിയിക്കാതെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. സംഘടനാ പ്രതിനിധികളുമായി മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയതാണ്. സമരത്തിന്റെ തലേന്നാള്‍ രാത്രി പോലും അവരുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നിട്ടും സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.
നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനസ്ഥാപിക്കുക, ഡ്യൂട്ടീസ് ആന്റ് റെസ്‌പോണ്‍സിബിലിറ്റീസ് നിര്‍വചിക്കുക, സ്വകാര്യ പ്രാക്ടീസ് നിബന്ധനകള്‍ പരിഷ്‌കരിക്കുക, സമയബന്ധിതമായ പ്രമോഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആദ്യഘട്ടത്തില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്ന കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീളാദേവിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it