thiruvananthapuram local

ഡോക്ടര്‍മാരുടെ സമരം; വലഞ്ഞത് ആയിരക്കണക്കിന് രോഗികള്‍

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ആയിരക്കണക്കിന് രോഗികളെ ദുരിതത്തിലാക്കി.
ഒരാഴ്ചക്കിടെ രണ്ടാമത്തെ സമരമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലടക്കമുള്ള ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ ചികില്‍സ കിട്ടാതെ ആയിരക്കണക്കിന് രോഗികളാണ് വലഞ്ഞത്. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരത്തില്‍നിന്ന് പിന്മാറാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ജനറല്‍ ആശുപത്രിയില്‍ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണവിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥകാരണം മാതൃഭൂമി ന്യൂസ് കാമറാമാന്‍ റജിമോന്‍(32) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടാണ് ഡ്യൂട്ടി ഡോക്ടര്‍ ആയിഷ ഗോപിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയും ഡോക്ടര്‍മാര്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയിരുന്നു. ഒപിയിലടക്കം ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് അന്നും നിരവധി രോഗികളാണ് ചികില്‍സ കിട്ടാതെ തിരിച്ചുപോയത്.
കൂട്ട അവധിയെടുത്ത് സമരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ ഡോക്ടര്‍മാരോട് കെജിഎംഒഎ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് പുറമെ ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലെയും ഒപികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലേക്ക് വന്ന രോഗികള്‍ക്ക് പോലും ചികില്‍സ ലഭിച്ചില്ല. പലയിടങ്ങളിലും അത്യാസന്ന നിലയിലായ രോഗികളുടെ ശസ്ത്രക്രിയകള്‍ പോലും മാറ്റിവച്ചു. ഹൃദ്രോഗികളടക്കമുള്ളവര്‍പോലും ഡോക്ടറെ കാണാനാവാതെ തിരിച്ചുപോയി. പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്ത് അവധിയെടുത്തതോടെ ഗ്രാമപ്രദേശങ്ങളിലുള്ള ആയിരക്കണക്കിനു രോഗികളുടെ ദുരിതം ഇരട്ടിയായി.
കൂട്ട അവധി അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഡോക്ടര്‍മാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെയാണ് രോഗികളെ വലച്ചുകൊണ്ടുള്ള തുടര്‍ച്ചയായ അനധികൃത സമരങ്ങള്‍. പണിമുടക്കിനൊപ്പം കെജിഎംഒഎയുടെ നേതൃത്വത്തില്‍ മറ്റുജില്ലകളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it