kannur local

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു; രോഗികള്‍ക്ക് ആശ്വാസം

കണ്ണൂര്‍: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി സമയം വര്‍ധിപ്പിച്ചതിനെതിരേ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ അനിശ്ചിതകാല സമരം ഒടുവില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതോടെ രോഗികള്‍ക്ക് ആശ്വാസം. കെജിഎംഒഎ ആഹ്വാനം ചെയ്ത അപ്രഖ്യാപിത സമരം മൂലം കഴിഞ്ഞ  നാലു ദിവസമായി കടുത്ത ദുരിതത്തിലായിരുന്നു ജില്ലയിലെ സാധാരണക്കാരായ രോഗികള്‍.
ഇക്കഴിഞ്ഞ 12ന് അര്‍ധരാത്രി പ്രഖ്യാപിച്ച സമരം അറിയാതെ ഗവ. ആശുപത്രികളിലെത്തിയ രോഗികള്‍ നന്നേ വലഞ്ഞു. ഡോക്ടര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഒപിയില്‍നിന്ന് വിട്ടുനിന്നു. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടാനുള്ള സാമ്പത്തികശേഷിയില്ലാത്ത പാവപ്പെട്ട രോഗികള്‍ ഗതികേടുകൊണ്ട് ആശുപത്രി വരാന്തകളില്‍ തളര്‍ന്നിരിക്കുന്ന കാഴ്ചയായിരുന്നു പലയിടത്തും.
അത്യാഹിത വിഭാഗത്തിന് മുടക്കമില്ലായിരുന്നെങ്കിലും അവിടെയും ഡോക്ടര്‍മാരുടെ അഭാവം രോഗികളെ ബുദ്ധിമുട്ടിലാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയോഗിച്ച ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അത്യാഹിത വിഭാഗത്തില്‍ മാത്രമായിരുന്നു സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സേവനം. സമാന്തര സംവിധാനമൊരുക്കി സമരത്തെ നേരിടാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വേണ്ടവിധം പ്രാവര്‍ത്തികമായില്ല. ഇക്കഴിഞ്ഞ 13ന് ജില്ലയിലെ കെജിഎംഒഎ അംഗങ്ങളായ 408 ഡോക്ടര്‍മാരില്‍ 184 പേര്‍ പണിമുടക്കിയപ്പോള്‍ പിറ്റേദിവസം 191 പേര്‍ സമരത്തില്‍ പങ്കെടുത്തു.
ഇന്നലെ 267 പേര്‍ പണിമുടക്കി. എന്നാല്‍, എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരിട്ട് നിയമിച്ച ഡോക്ടര്‍മാരും, തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന കരാറടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍മാരും ജോലിക്കെത്തി. ജില്ലയില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഡിഎംഒ ഡോ. നാരായണ നായിക് പറഞ്ഞു.
Next Story

RELATED STORIES

Share it