Flash News

ഡൊമനിക് വധം : മകള്‍ക്കും മരുമകനും ജീവപര്യന്തം കഠിന തടവ്



തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച കഠിനംകുളം മരുനാട് ഡൊമനിക് വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ മകള്‍ക്കും മരുമകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. അഞ്ചാംപ്രതി സ്‌നാഗപ്പന് ഏഴ് വര്‍ഷവും തടവ് വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി എന്‍ സീതയുടെതാണ് ഉത്തരവ്. ഡൊമനിക്കിന്റെ മകള്‍ ഡാളി എന്ന ഷാമിനി (34), ഭര്‍ത്താവ് ബിജില്‍ റോക്കി (40), അയല്‍വാസിയും സിപിഎം കഴക്കുട്ടം ഏരിയാ കമ്മിറ്റിയംഗവുമായ സ്‌നാഗപ്പന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും അഞ്ചും പ്രതികള്‍. മൂന്നാംപ്രതി ഷിബു ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. നാലാംപ്രതി ഡേവിഡ് ഒളിവിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തതിനാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ ജീവപര്യന്തം ശിക്ഷ വിധിച്ചത്. തളിവ് നശിപ്പിച്ചതിനാണ് അഞ്ചാംപ്രതിക്കെതിരേയുള്ള ശിക്ഷ. 2007 ആഗസ്ത് ആറിന് ഡൊമിനിക് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോലിസില്‍ പോലും വിവരമറിയിക്കാതെ മര്യനാട് ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഡൊമിനിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരി പുഷ്പ ലില്ലി അന്നത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം 2007 ഒക്ടോബര്‍ ഒമ്പതിന് ആര്‍ഡിഒയുടെയും തഹസില്‍ദാരുടെയും സാന്നിധ്യത്തില്‍ സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ തലയ്‌ക്കേറ്റ പ്രഹരമാണ് മരണകാരണമെന്നു വ്യക്തമായി. ഡൊമിനിക്കിന്റെ സഹോദരിയുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് രാത്രി സ്വത്ത് പങ്കുവയ്ക്കുന്ന കാര്യത്തില്‍ മക്കളും മരുമകനും ഡൊമിനിക്കുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് ഇവര്‍ ഡൊമിനിക്കിനെ മര്‍ദിക്കുകയും തല ചുമരിലിടിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Next Story

RELATED STORIES

Share it