malappuram local

ഡെപ്യൂട്ടി ഡിഎംഒയെ നാട്ടുകാര്‍ തടഞ്ഞുവച്ചതായി പരാതി

പൊന്നാനി: താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡെപ്യൂട്ടി ഡിഎംഒയെ സംഘടിച്ചെത്തിയവര്‍ തടഞ്ഞുവച്ചതായി പരാതി. സംഭവത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രി അധികൃതര്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം നടക്കുന്നതിനിടെ താലൂക്കാശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കാനാണ് യോഗം ചേരുന്നതെന്നാരോപിച്ച് പുറത്ത് ചിലര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ ഡെപ്യൂട്ടി ഡിഎംഒ കെ വി പ്രകാശിനെ നേരത്തെയെത്തിയവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനിടെ പോലിസ് സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
പ്രശ്‌നക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍  അടിസ്ഥാന രഹിതമാണെന്നും, ഡോക്ടര്‍മാരെ മാറ്റുന്നതുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു. ഡപ്യൂട്ടി ഡിഎംഒയെ തടഞ്ഞുവച്ചവരെ കണ്ടെത്താന്‍ ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിക്കുമെന്നും ‘വിഷയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ജോലി സാമൂഹ്യസേവനം ആശുപത്രി ജീവനക്കാര്‍ ജനസേവകരാവുക എന്ന മുദ്രാവാക്യമുയര്‍ത്തി കമ്മ്യൂനിറ്റി യൂത്ത് സേവേഴ്‌സ് ഫോറം (സിവൈഎസ്എഫ്)  ആശുപത്രി പരിസരത്ത് കൂട്ട ധര്‍ണ സംഘടിപ്പിക്കുമെന്ന് ഫോറം നേതാവായ കുഞ്ഞന്‍ ബാവ അറിയിച്ചു.
Next Story

RELATED STORIES

Share it