ഡെപ്യൂട്ടി ഗവര്‍ണറുടെ മുന്നറിയിപ്പിനു പിന്നാലെ അഫ്ഗാനിലെ സാന്‍ജിന്‍ ജില്ല താലിബാന്‍ പിടിച്ചടക്കി

കാബൂള്‍: അഫ്ഗാനിസ്താനിലെ ഹെല്‍മന്ത് പ്രവിശ്യയിലെ സാന്‍ജിന്‍ ജില്ല താലിബാന്‍ നിയന്ത്രണത്തിലാക്കി. 90ലധികം സൈനികരുടെ മരണത്തിനിടയാക്കിയ, രണ്ടു ദിവസം നീണ്ട ആക്രമണത്തിലൂടെയാണ് സാന്‍ജിന്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയതെന്ന് അഫ്ഗാന്‍ പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പോലിസ്, സൈനിക ആസ്ഥാനങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കി. വാര്‍ത്ത താലിബാനും സ്ഥിരീകരിച്ചു.
ഹെല്‍മന്ത് പ്രവിശ്യ താലിബാന്‍ കീഴടക്കിയേക്കാമെന്നും സഹായിക്കണമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ജാന്‍ റസൂല്‍യാര്‍ അഫ്ഗാന്‍ പ്രസിഡന്റിനോട് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. സാന്‍ജിന്‍ തിരിച്ചുപിടിക്കാന്‍ അഫ്ഗാന്‍ പ്രത്യേക സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
മേഖലയില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. ഹെല്‍മന്തില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി മേധാവി അബ്ദുല്ല അബ്ദുല്ല അറിയിച്ചു. സംഘര്‍ഷസാധ്യത ഭയന്ന് പ്രദേശത്തു നിന്ന് സിവിലിയന്‍മാര്‍ പലായനം ആരംഭിച്ചതായും റിപോര്‍ട്ടുണ്ട്.
തന്നെയും സഹപ്രവര്‍ത്തകരെയും താലിബാന്‍ വളഞ്ഞതായി സാന്‍ജിന്‍ പോലിസ് കമാന്‍ഡര്‍ മുഹമ്മദ് ദാവൂദ് മാധ്യമങ്ങളെ അറിയിച്ചു. ഇവിടുത്തെ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയാണെന്നും രണ്ടു ദിവസമായി തങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നും നിരവധി സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഹെല്‍മന്ത് പ്രവിശ്യ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലാവുമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സപ്തംബറില്‍ അഫ്ഗാനിലെ വടക്കന്‍ നഗരമായ ഖുന്ദുസ് താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു.
അതേസമയം കാബൂളിലെ ബഗ്രാം സൈനിക താവളത്തിനടുത്തുണ്ടായ താലിബാന്‍ ആക്രമണത്തില്‍ അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it