thrissur local

ഡെപ്യൂട്ടി കലക്ടര്‍ എന്ന വ്യാജേന താലൂക്ക് , വില്ലേജ് ഓഫിസുകളിലെത്തി ഫയല്‍ പരിശോധിച്ചയാള്‍ പിടിയില്‍

മാള: ഡെപ്യൂട്ടി കലക്ടര്‍ എന്ന വ്യാജേന കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലുമെത്തി ഫയലുകള്‍ പരിശോധന നടത്തിയ യുവാവിനെ മാള സി ഐ റോയിതയുടെ നേതൃത്വത്തിലുള്ള പോലിസ് കസ്റ്റഡിയിലെടുത്തു. പൊയ്യ ഗ്രാമപഞ്ചായത്തിലെ വട്ടക്കോട്ടയിലുള്ള കാട്ടകത്ത് ഷെഫീഖ് (24)നെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പൊയ്യ വില്ലേജ് ഓഫിസില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് 12 30 ഓടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ ഇല്ലാത്ത സമയത്ത് ഡെപ്യൂട്ടി കലക്റ്ററാണെന്ന് പറഞ്ഞ് ഫയലുകള്‍ ആവശ്യപ്പെട്ടു. ഫയലുകള്‍ നോക്കികൊണ്ടിരിക്കേ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ ഫാര്‍മസി വകുപ്പിലെ ഡെപ്യൂട്ടി കലക്റ്ററാണെന്ന് വിശദീകരിച്ചു. ഫയലുകള്‍ പരിശോധിച്ചതിന് ശേഷം പൊയ്യ വില്ലേജ് ഓഫീസിലെത്തി ഫയലുകള്‍ പരിശോധനക്കാവശ്യപ്പെട്ടു. ഉടനെ വില്ലേജ് ഓഫിസ് ജീവനക്കാര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫിസിലേക്ക് വിളിച്ച് ഡെപ്യൂട്ടി കലക്റ്റര്‍ പരിശോധനക്ക് എത്തിയിട്ടുണ്ടെന്നറിയിച്ചു. ഇതേസമയം തഹസില്‍ദാര്‍ തോമസ് താലൂക്ക് ഓഫിസിലെത്തിയിരുന്നു. ജീവനക്കാര്‍ ഡെപ്യൂട്ടി കലക്റ്റര്‍ ഷെഫീഖ് പരിശോധനക്ക് വന്നിട്ടുണ്ടായിരുന്നുവെന്നറിയിച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഡെപ്യൂട്ടി കലകടര്‍ ഇല്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി ജീവനക്കാര്‍ മനസ്സിലാക്കിയത്. പൊയ്യ വില്ലേജ് ഓഫിസില്‍ നിന്നും വിളിച്ചപ്പോള്‍ ആള്‍ തട്ടിപ്പുകാരനാണെന്നും പിടിച്ചു നിര്‍ത്താനും ആവശ്യപ്പെട്ടു. ഉടനെ മാള പോലിസിനും മെസേജ് നല്‍കി. മാള സി ഐ റോയിയുടെയും എസ് ഐയ്യുടെയും നേതൃത്വത്തിലുള്ള സംഘം ഒന്നരയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പ്രതി വാഹനങ്ങള്‍ വാടകക്കെടുത്ത് ഡെപ്യൂട്ടി കലക്ടറുടെ ബോര്‍ഡും വച്ച് ഇടക്കിടെ വീട്ടിലെത്താറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. നിരവധി വ്യാജ സീലും വിവിധ പേപ്പറുകളും പ്രതിയില്‍ നിന്നും പോലിസ് പിടിച്ചെടുത്തീട്ടുണ്ട്. നേരത്തെ മാളയിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ പ്രതി ഫാര്‍മ്മസിസ്റ്റായി പ്രവര്‍ത്തിച്ചീട്ടുണ്ട്. പ്രതിയെ ഇന്ന് ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it