palakkad local

ഡെങ്കിപ്പനി വ്യാപകം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍



വിജയന്‍ഏഴോം

പാലക്കാട്: അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപിച്ചിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ അട്ടപ്പാടിയിലെ  മുന്ന് പഞ്ചായത്തുകളില്‍നിന്ന് 47 പേരാണ് ഡെങ്കിപ്പനിക്ക് ചികില്‍സതേടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയിലും അഗളി സാമുഹികാരോഗ്യകേന്ദ്രത്തിലും എത്തിയത്. ഇതില്‍ അസുഖബാധിതരായ 32 പേരും അഗളി ഗ്രാമപ്പഞ്ചായത്തില്‍നിന്നുള്ളവരാണ്. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളോ ആരോഗ്യവകുപ്പോ  ഇനിയും പ്രതിരോധ നടപടി ആരംഭിച്ചിട്ടില്ല. രോഗം കൂടിയതോടെ ഉള്ള തൊഴിലിനും പോകാനാകാത്തവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് കഴിഞ്ഞു വരുന്നത്.സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് ആദിവാസികളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്്.രോഗ ബാധിതരായ ആദിവാസി കുടുംബങ്ങളിലെ കുട്ടികളുടെ സ്ഥിതി അതി ദയനായമാണ്്.ആദിവാസി ഊരുകളില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ളസംഭരണികള്‍ ആഴ്ചയിലൊരിക്കല്‍ വ്യത്തിയാക്കണമെന്ന് കലക്ടറുടെ  നിര്‍ദേശമുണ്ടെങ്കിലും മിക്കയിടത്തും ഇവ നടക്കുന്നില്ല. ശുചീകരണ പ്രവൃത്തിക്ക് മതിയായ ജീവനക്കാരില്ലായെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. താത്കാലികമായി  നിയമിച്ച ഉദ്യോഗസ്ഥരുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പുതിയ നിയമനങ്ങള്‍ നടത്താന്‍ ഇനിയും ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗളി ഗ്രാമപ്പഞ്ചായത്തിലെ ഹോട്ടലുകളില്‍നിന്നും മറ്റ് വ്യാപാരസ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം ഒഴുക്കിവിടുന്നത് ഗുളിക്കടവ് തോട്ടിലേക്കാണ്. വേനലില്‍  ഒഴുക്കുനിലച്ച തോട്ടില്‍ നിലവിലുള്ളത് മാലിന്യം മാത്രമാണ്. ഇതുമൂലം കൂത്താടികള്‍ പ്രദേശത്ത് വര്‍ധിക്കയാണ്. ഇത് തടയുന്നതിനോ കൊതുകുനശീകരണത്തിനോ വേണ്ട  യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. ഷോളയുര്‍പഞ്ചായത്തിലെ ആനക്കട്ടി പാലത്തിനുസമീപം തമിഴ്‌നാട്ടില്‍നിന്നും ശൗചാലയമാലിന്യം ഉള്‍പ്പെടെയുള്ളവ  തള്ളുന്നതും വ്യാപകമാണ്. അന്തര്‍സംസ്ഥാന അതിര്‍ത്തിയായതിനാല്‍ പ്രശ്‌നത്തില്‍ പഞ്ചായത്തിന് ഇടപെടാനും സാധിക്കാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it