malappuram local

ഡെങ്കിപ്പനി വ്യാപകം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്‌

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: ജില്ലയില്‍ ആരോഗ്യ ഭീഷണിയായി ഡെങ്കിപ്പനി പടരുന്നു. വ്യാപകമായി രോഗം റിപോര്‍ട്ടു ചെയ്യുന്നുണ്ട്. ഇന്നലെമാത്രം അഞ്ചുപേര്‍ക്കാണ് ആരോഗ്യവകുപ്പ് രോഗം സ്ഥിരീകരിച്ചത്. 28 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കു മാത്രമാണിത്.
മഴ തുടരുമ്പോള്‍ കൊതുകു സാന്ദ്രത വര്‍ധിക്കുകയും രോഗ തീവ്രതയേറുമെന്നുമാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ കണക്കാക്കുന്നത്. നിപാ വൈറസ്ബാധ ആശങ്കയേറ്റുമ്പോള്‍ തന്നെയാണ് ഈ അവസ്ഥ. കുറുമ്പിലങ്ങോട്, കാളികാവ്, വണ്ടൂര്‍, പാണ്ടിക്കാട്, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, തൃക്കലങ്ങോട്, താഴേക്കോട്, മേലാറ്റൂര്‍, വട്ടംകുളം, പോരൂര്‍, എടപ്പറ്റ, മഞ്ചേരി, പോത്തുകല്ല്, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിനകം ഡെങ്കിബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 31ന് ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി അഞ്ചുപേര്‍ക്കു വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വിദഗ്ധ ചികില്‍സ നല്‍കി വരികയാണ്. കഴിഞ്ഞ വര്‍ഷം ഡെങ്കി വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ രോഗബാധയേറുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള പെണ്‍കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ശുദ്ധജലത്തില്‍ വളരുന്ന ഈ വിഭാഗം കൊതുകുകളെ നശിപ്പിക്കല്‍ മാത്രമാണ് രോഗ പ്രതിരോധത്തിനുള്ള പോംവഴി. ജനകീയ പങ്കാളിത്തം ഇതിനാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു.
വീടും പരിസരങ്ങളും ഓഫിസുകളും മറ്റു സ്ഥാപനങ്ങളും കൊതുകുമുക്തമാക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും ഡ്രൈഡെ ആചരിക്കണം. രോഗം റിപോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായി കൊതുകു സാന്ദ്രത പഠനവും നശീകരണവും ബോധവല്‍ക്കരണവും നടത്തിവരികയാണ്. ഡെങ്കിക്കൊപ്പം വൈറല്‍പനിയും ചിക്കന്‍പോക്‌സും ജില്ലാ വ്യാപകമായി പടരുന്നുണ്ട്. ഇന്നലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വൈറല്‍പനി ബാധിച്ച് ചികില്‍സ തേടിയത് 1986 പേരാണ്.
25 പേര്‍ക്ക് ചിക്കന്‍പോക്‌സും ബാധിച്ചു. 2000ത്തോളം പേരാണ് കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും പനി ബാധിച്ച് ചികില്‍സയ്‌ക്കെത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടിയാവുമ്പോള്‍ രോഗികളുടെ എണ്ണം ഇതിലേറെ വര്‍ധിക്കും.
Next Story

RELATED STORIES

Share it