wayanad local

ഡെങ്കിപ്പനി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്



കല്‍പ്പറ്റ: ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കടിക്കുന്നതു പകല്‍ സമയത്താണ്. പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. അതുകൊണ്ട് പകല്‍ നേരത്ത് കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, രാവിലെയും സന്ധ്യാസമയത്തും ജനലുകളും വാതിലുകളും അടച്ചിടുക, കുന്തിരിക്കം, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് പുകയ്ക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാല്‍ കൊതുകിനെ നശിപ്പിക്കുന്നതിലൂടെ ഡെങ്കിപ്പനി നിയന്ത്രിക്കാനാവും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലമുള്ള ഇടങ്ങളില്‍ മുട്ടയിട്ട് വളരുന്നു. ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍ പോലും ഇവയ്ക്ക് വളരാന്‍ കഴിയും. വീടിനുള്ളില്‍ വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ കൊതുക് കടക്കാത്ത വിധം അടപ്പോ തുണിയോ, വലയോകൊണ്ട് മൂടി സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളില്‍ നിന്ന് ആദ്യം നിറച്ചവ ആദ്യം ഉപയോഗിക്കുക. പാത്രങ്ങള്‍ വൃത്തിയായി ഉരച്ചുകഴുകിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിന്റെ പുറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എസി മെഷീന്റെ അടിയിലത്തെ ട്രേ എന്നിവയിലെ വെള്ളം രണ്ടു ദിവസത്തിലൊരിക്കല്‍ കളയുകയോ തുടച്ചുമാറ്റുകയോ ചെയ്യണം. ടെറസ്, സണ്‍ഷേഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുക്കിക്കളയണം. ഹെഡ് വാട്ടര്‍ടാങ്കുകള്‍ മൂടി സൂക്ഷിക്കണം. മുറ്റത്തും തൊടിയിലുമുള്ള ചിരട്ട, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, പൊട്ടിയ ചട്ടികള്‍, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇവ വെള്ളം വീഴാത്ത വിധം സൂക്ഷിക്കണം. മരക്കുറ്റികളിലും മുളങ്കുറ്റികളിലും മണ്ണ് നിറയ്ക്കണം, കവുങ്ങിന്റെ പാളകള്‍ വെള്ളം കെട്ടിനില്‍ക്കാതെ യഥാസമയം പുരയിടങ്ങളില്‍ നിന്നു മാറ്റണം. ദ്വാരങ്ങള്‍ വീണ കരിക്ക്, കൊക്കോ ഇവ പറമ്പില്‍ നിന്നു മാറ്റുക. റസിഡന്‍സ് അസോസിയേഷനുകള്‍ ഓരോ പ്രദേശത്തെയും കൊതുക് വളരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കുകയും പനി, പകര്‍ച്ചവ്യാധി വിവരങ്ങള്‍ ആരോഗ്യവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുകയും ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക, കൊതുക് നശീകരണ ബോധവല്‍കരണ ക്ലാസുകളും പരിശീലനം നടത്തുക, സന്നദ്ധ സംഘടനകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതതു പ്രദേശത്തെ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, കൊപ്രപ്പുരകള്‍, വെളിച്ചെണ്ണ മില്ലുകള്‍ എന്നിവിടങ്ങളില്‍ ചിരട്ട, കരിക്ക് കച്ചവട സ്ഥലങ്ങളില്‍ കരിക്കിന്റെ തൊണ്ട് എന്നിവ മഴവെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കുക, വാഹനത്തിന്റെ പഴയ ഭാഗങ്ങള്‍, ടിന്നുകള്‍, ടയറുകള്‍, പഴകിയ വാഹനങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധം സ്ഥാപനമേധാവികള്‍ സംരക്ഷിക്കുക. കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലും അവയുടെ പരിസരത്തും വെള്ളം കെട്ടിനിക്കാതെ സ്ഥാപനമേധാവികള്‍ നോക്കണം. ആഴ്ചയിലൊരിക്കല്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. സ്‌കൂളുകള്‍, കോളജ് എന്നിവിടങ്ങളില്‍ പരിസര ശുചീകരണം നടത്തുക. വീടുകള്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കുട്ടികള്‍ ഉറപ്പുവരുത്തുക.  അസംബ്ലിയില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേയും കൊതുക് നശീകരണത്തിനും പ്രതിജ്ഞയെടുക്കുക. സയന്‍സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നു.
Next Story

RELATED STORIES

Share it