kannur local

ഡെങ്കിപ്പനി : മട്ടന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു



മട്ടന്നൂര്‍: ഡെങ്കിപ്പനി പ്രതിരോധിക്കുന്നതില്‍ നഗരസഭയും ആരോഗ്യവകുപ്പും അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. മട്ടന്നൂര്‍ നഗരത്തില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാല്‍ സമീപ ടൗണായ ഉരുവച്ചാലിലും പരിസരപ്രദേശങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ബുധനാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകര്‍ ഉരുവച്ചാലിലെ കടകളില്‍ കയറിയിറങ്ങി ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ, ഹര്‍ത്താലിനെതിരേ പ്രതിഷേധ പ്രകടനം നടത്തുകയുമുണ്ടായി. തുടര്‍ന്നാണ് പതിവുപോലെ വ്യാപാരികള്‍ ഇന്നലെ കടകള്‍ തുറന്നത്. അതിനിടെ, കടകള്‍ അടപ്പിക്കാനായി ഒരുസംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയത് വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ഇടയാക്കി.ഡെങ്കിപ്പനിക്ക് ഹര്‍ത്താല്‍ ആചരിക്കുകയല്ല വേണ്ടതെന്നും കൂട്ടായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. പോലിസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ഒടുവില്‍ സമരക്കാര്‍ പിരിഞ്ഞുപോയി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ ഷാജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ വി മഹേഷ്, മട്ടന്നൂര്‍ എസ് ഐ എം വി ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it