Alappuzha local

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം



ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദ്രൂതകര്‍മസേന യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ ബ്ലോക്കുതലത്തില്‍ പരിശോധന നടത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ജില്ലയിലെ എല്ലാ ആശുപത്രികളിലും പനി വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം.നമ്മള്‍ ശ്രദ്ധിക്കേണ്ടത്: കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി  ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം.  ബയോ ഗ്യാസ് പ്ലാന്റുകള്‍, വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ മടക്കുകള്‍, വീടിന്റെ ടെറസ് എന്നിവയില്‍ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്. ഇവിടങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലും പരിസരപ്രദേശങ്ങളിലുമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ കുപ്പികള്‍, ടയറുകള്‍, തുടങ്ങിയവ നീക്കം ചെയ്യണം. പനിയുണ്ടായാല്‍ ചൂടുള്ള പാനീയങ്ങള്‍ ധാരാളമായി കുടിക്കണം. പരിപൂര്‍ണ്ണ വിശ്രമം എടുക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവു. പനിയുള്ളവര്‍ കൊതുകുവലകള്‍ ഉപയോഗിക്കണം. ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം അറിയിക്കണം.  കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it