malappuram local

ഡെങ്കിപ്പനി പടരുന്നു ; നാട്ടിന്‍പുറങ്ങള്‍ ഭീതിയില്‍



എടക്കര: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. മലയോര ജനത ആശങ്കയില്‍. എടക്കര, ചുങ്കത്തറ, മൂത്തേടം, അമരമ്പലം, കരുളായി, തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ കണക്ക്പ്രകാരം ചുങ്കത്തറ ബ്‌ളോക്കിന് കീഴില്‍ നൂറില്‍പരം ആളുകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിന്റെ ഇരട്ടിയിലധികമാണ്. എടക്കര പഞ്ചായത്തിലെ ഉദിരകുളം, പൊട്ടന്‍തരിപ്പ, താന്നിമൂല, മലച്ചി തുടങ്ങി പ്രദേശങ്ങളില്‍ മാത്രം ഇരുപത്തിയൊന്ന് പേര്‍ ഡെങ്കിപ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു വീട്ടില്‍ മൂന്ന് പേര്‍ വരെ ചികില്‍സയിലുള്ള സ്ഥലങ്ങളുമുണ്ട്. എന്നാല്‍ പോത്തുകല്‍, വഴിക്കടവ് പഞ്ചായത്തുകളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് പനിബാധിതര്‍ കുറവാണ്. എടക്കര സ്‌കൂള്‍കുന്നില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടിട്ടുമുണ്ട്. ചുങ്കത്തറ പഞ്ചായത്തിലെ പാതിരിപ്പാടത്തും വ്യാപകമായി ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും ഡെങ്കിപ്പനി പടരുകയാണ്. മിക്ക വീടുകളുടെയും പരിസരങ്ങള്‍ വൃത്തിഹീനമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുമില്ല. മെഷീനുകള്‍ തകരാറിലായതിനാല്‍ ഇതുവരെ ഫോഗിങ് നടത്താനായിട്ടുമില്ല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യൂനിറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഫോഗിങ് മെഷീനുള്ളത്. മുന്‍സിപ്പല്‍ പരിധികളില്‍ മാത്രമേ ഈ മെഷീന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഈ സാഹചര്യം കണക്കിലെടുത്ത് തൃശൂരില്‍ നിന്നുള്ള ഫോഗിങ് സംഘത്തെ എടക്കരയില്‍ എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. സംഘം ഇന്ന് എടക്കരയില്‍ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകള്‍ ആശുപത്രികള്‍ നല്‍കാത്തതിനാല്‍ അവരുടെ എണ്ണത്തില്‍ കൃത്യതയില്ല. പനി വ്യാപിച്ച സാഹചര്യത്തില്‍ ഉദിരകുളം അങ്കണവാടിയില്‍ പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it