Kottayam Local

ഡെങ്കിപ്പനി പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

എരുമേലി/കാഞ്ഞിരപ്പള്ളി: ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി പടരുന്നതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പും രംഗത്ത് എത്തിയിട്ടുണ്ട്. കൊതുകുകളുടെ പിടിയിലായ മലയോര മേഖലയില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കെന്ന നിലയില്‍ പനി പടരുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സാ സംവിധാനയങ്ങള്‍ മെച്ചപ്പെടുത്താത്തത് രോഗികളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. കൊതുക വ്യാപനം തടയുന്നതിനും ശുചീകരണത്തിനുമായി ജൂണ്‍ രണ്ടിന് എരുമേലി റോട്ടറി ക്ലബ്ബ് ഹാളില്‍ പ്ലാന്റേഷന്‍ സ്റ്റാഫുകളുടെയും തോട്ടം ഉടമകളുടെയും ട്രേഡ് യൂനിയന്‍ ഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡോക്ടര്‍മാരുടെ കുറവാണ് ആശുപത്രികളില്‍ ദുരിതം വര്‍ധിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. മുണ്ടക്കയത്തേയും സ്ഥിതി മറിച്ചല്ല. കിടത്തിച്ചികില്‍സിക്കേണ്ടവരെ മരുന്ന് നല്‍കി പറഞ്ഞു വിടുന്ന കാഴ്ചയാണ് എരുമേലിയില്‍. എരുമേലിയില്‍ വൈകീട്ടോടെ ഒപി സമയം അവസാനിപ്പിക്കുകയാണ്. രാത്രിയില്‍ ആശുപത്രി അടച്ചുപൂട്ടും. വര്‍ഷങ്ങളായി കിടത്തി ചികില്‍സ നിലച്ചിരിക്കുകയാണ്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പനി ബാധിതര്‍ വര്‍ധിപ്പിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വേനല്‍ മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങള്‍ തലയുയര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
ഡെങ്കിപനിയടക്കമുള്ള രോഗങ്ങളുമായി പ്രദേശത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരിക്കുന്നതു നിരവധിയാളുകളാണ്. കാഞ്ഞിരപ്പള്ളിയില്‍ പേട്ടവാര്‍ഡ്, കൊടുവന്താനം, പാറക്കടവ്, ആനിത്തോട്ടം, ഒന്നാം മൈല്‍, അഞ്ചിലിപ്പ്, മണ്ണാറക്കയം, ചിറക്കടവ്, പട്ടിമറ്റം, കൂവപ്പള്ളി, മണങ്ങല്ലൂര്‍, പാറത്തോട്, ഇടക്കുന്നം, മുക്കാലി, മേഖലയില്‍ നിന്നുള്ളവരാണ്. ഡെങ്കിപനിയുമായി ദിനം പ്രതി ജനറല്‍ ആശുപത്രിയിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍രെ സാനിധ്യം കൊതുകുകള്‍ പെരുകുന്നതിനും രോഗങ്ങള്‍ പടരുന്നതിനും കാരണമാവുന്നു. ഈച്ചകള്‍ പെരുകുന്നതും നിരവധി രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ട പെരുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്.
ശക്തമായ ശരീര വേദന, കണ്ണ് ചുവക്കുക, ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യേക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. വിവിധ പഞ്ചായത്തുകളില്‍ മഴക്കാല രോഗങ്ങള്‍ തലപൊക്കി തുടങ്ങിയതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും 10ഓളം പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it