Pathanamthitta local

ഡെങ്കിപ്പനി : ജാഗ്രത വേണം



പത്തനംതിട്ട: ഇടവിട്ട് മഴ പെയ്യുന്നതിനാല്‍  ഈഡിസ് കൊതുകുകള്‍ പെരുകാനും ഡെങ്കിപ്പനി പിടിപെടാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനിടയുള്ള ചെറുതും പൊട്ടിയതുമായ പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോട്, ടയറുകള്‍, കുപ്പികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ടെറസ്, ഓവുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍, കന്നാസുകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും കാലിയാക്കി വൃത്തിയാക്കണം. ഫഌവര്‍വേസ്, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍, കൂളര്‍, ഫ്രിഡ്ജ് ഇവയുടെ അടിഭാഗത്തെ ട്രേ, ആട്ടുകല്ല്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. റബര്‍ തോട്ടത്തില്‍ പാല്‍ ശേഖരണത്തിനുശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കണം.  വീടുപരിസരത്തുള്ള അനാവശ്യ ചെടികള്‍ നശിപ്പിക്കണം. നിര്‍മാണ സാമഗ്രികള്‍, ഉപയോഗ ശൂന്യമായ സാനിട്ടറി വെയേഴ്‌സ്, ഇലക്ട്രിക് സാമഗ്രികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയും കൊതുകിന്റെ കൂത്താടി വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം. വാഴ, കൈത, ചേമ്പ് എന്നിവയുടെ ഇലകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക. ഒഴിവാക്കാന്‍ പറ്റാത്ത വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ, കരി ഓയില്‍ ഇവ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കണം. ഗപ്പി പോലെയുള്ള മല്‍ സ്യങ്ങളെ നിക്ഷേപിക്കാം. കടുത്തപനി, തലവേദന, പേശിവേദന, കണ്ണിനു പിറകില്‍ വേദന, ഛര്‍ദി, ക്ഷീണം, രക്തസ്രാവം എന്നിവയാണ് രോഗലക്ഷണം. പനിയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. സ്വയം ചികില്‍സ പാടില്ല. ഈഡിസ് കൊതുകുകള്‍ പകല്‍സമയത്ത് കടിക്കുന്നതിനാല്‍ ശരീരം മറഞ്ഞിരിക്കുന്ന വസ്ത്രം ധരിക്കണം. കൊതുകുവല, ലേപനങ്ങള്‍ മുതലായവ ഉപയോഗിക്കാം. പനിയുള്ളവര്‍ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ വിശ്രമിക്കണം.
Next Story

RELATED STORIES

Share it