kasaragod local

ഡെങ്കിപ്പനിക്ക് ഹോമിയോ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍

കാസര്‍കോട്: ഡെങ്കി പോലെയുള്ള മാരകമായ പനികള്‍ക്ക് ഹോമിയോ മരുന്നുകള്‍ ഫലപ്രദമെന്ന് ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന്‍ (ഐഎച്ച്എംഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
ജില്ലയില്‍ ഡെങ്കിയടക്കമുള്ള പകര്‍ച്ചാപനികള്‍ ഇപ്രാവശ്യം കൂടുതലാണ്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് ക്രമാതീതമായി കുറയുന്നതിനാല്‍ മരണം വിതയ്ക്കുന്ന എമറേജിക്ക് ഡെങ്കിപ്പനി ഇതില്‍ ഉള്‍പ്പെടും. പ്ലേറ്റ്‌ലറ്റിന്റെ ദൗര്‍ലഭ്യം കാരണം രോഗികള്‍ക്ക് മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ചിലവേറിയ ഈ ചികില്‍സയ്ക്ക് പരിഹാരമാണ് ഹോമിയോപ്പതി മരുന്നുകള്‍. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം 20,000ല്‍ കുറഞ്ഞ കേസുകളില്‍ പോലും 24 മണിക്കൂറിനുള്ളില്‍ സ്വാഭാവിക പരിധിയിലേക്ക് ഉയര്‍ത്താന്‍ ഉതകുന്ന ഹോമിയോപ്പതി മരുന്നുകള്‍ ലഭ്യമാണ്. കേവലം 300 രൂപയില്‍ താഴെ ചെലവ് വരുന്ന നാല് ദിവസം കൊണ്ട് പൂര്‍ണ്ണമായും മാറാവുന്ന നിസാര രോഗത്തെ ഭീകര രോഗമായി ചിത്രീകരിച്ച് മരുന്നുകമ്പനികള്‍ പണം കൊയ്യുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഹോമിയോപ്പതിയില്‍ 12 മരുന്നുകള്‍ ഡെങ്കിപ്പനിക്ക് മാത്രമായി ഉണ്ട്.
ഡെങ്കിപ്പനി മാറാന്‍ നാല് ദിവസവും പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ മൂന്ന് ദിവസവുമാണ് വേണ്ടി വരുന്നത്. വൈറസ് ജന്യ രോഗങ്ങളായ അഞ്ചാം പനി, മുണ്ടിനീര്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങി രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ മരുന്നുകള്‍ ഇല്ല. ഇതിനെ മറി കടക്കാന്‍ ഹോമിയോപ്പതിയെ പര്യാപ്തമാക്കുന്നതിന് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ ഹോമിയോപ്പതിക്ക് അനുകൂലമാണ്.
ഇതേ കുറിച്ച് തങ്ങള്‍ ക്യാംപയിന്‍ നടത്തി വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.  ഡെങ്കിപ്പനി പ്രതിരോധ മരുന്നുകള്‍ ഹോമിയോപ്പതിയിലേക്ക് മാറിയാല്‍ ചെലവ് ചുരുക്കാനും രോഗം എളുപ്പത്തില്‍ മാറ്റാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ.പി ഇട്ടിരവി, ഗിരീഷ് കൃഷ്ണ, സഞ്ജീവ എം ലാസര്‍, ജി ശ്രീകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it