ഡീസല്‍ 70 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ ഡീസല്‍ വില 70 രൂപ കടന്നു. ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70.08 രൂപയാണ് ഡീസലിനു തലസ്ഥാന നഗരത്തിലെ നിരക്ക്. ഒരാഴ്ചയ്ക്കിടെ 2 രൂപ കൂടി. ശനിയാഴ്ച 69 രൂപ 89 പൈസ ആയിരുന്ന വിലയാണ് 19 പൈസ കൂടി ഇന്നലെ 70നു മുകളില്‍ എത്തിയത്. മറ്റു ജില്ലകളില്‍ വിലവര്‍ധന 70നു തൊട്ടുതാഴെയെത്തി.
അതേസമയം, പെട്രോള്‍ വില നാലു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 77.67 രൂപയിലെത്തി. പെട്രോളിന് തിരുവനന്തപുരത്ത് 18 പൈസ വര്‍ധിച്ചാണ് 77.67 രൂപയിലെത്തിയത്. ദിവസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ധനവിലയില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ മാറ്റങ്ങള്‍ വന്നിരുന്നു. ഡിസംബര്‍ അവസാന വാരം മുതല്‍ ദിവസേന ശരാശരി 19 പൈസ വച്ചാണ് ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ ഡീസല്‍ വില 65 രൂപ കടന്നിരുന്നു. പുതിയ നിരക്കോടെ ഡീസലും പെട്രോളും തമ്മിലുള്ള അന്തരം 7 രൂപയായി കുറഞ്ഞു. 10 രൂപയിലധികം വിലവ്യത്യാസമാണ് പെട്രോളും ഡീസലും തമ്മിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ചില ദിവസങ്ങളായി 20 പൈസ വരെ വില കൂടിയിരുന്നുവെന്നാണ് റിപോര്‍ട്ട്.
പെട്രോള്‍ വിലയിലും സമാന സ്ഥിതിയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ധനവില കൂടുതലാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് കൂടുതലായതാണ് ഇവിടെ ഇന്ധനവില ഉയരാന്‍ കാരണം.
ഡല്‍ഹിയില്‍ ലിറ്ററിന് 64.58 രൂപയാണ് ഡീസലിന്റെ വില. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലിറ്ററിന് 64.22 രൂപയായി ഉയര്‍ന്നതാണ് ഇതിനു മുമ്പത്തെ പരമാവധി നിരക്ക്. അതേസമയം, പെട്രോള്‍ വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമെത്തി. രാജ്യതലസ്ഥാനത്ത് ലിറ്ററിന് 73.73 രൂപയാണ് പെട്രോളിന്റെ വില. 2014 സപ്തംബര്‍ 14നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പെട്രോള്‍ നിരക്കാണിത്.
ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ സാധാരണക്കാരന്റെ ജീവിതവും ദുസ്സഹമാവും. നിലവിലെ വര്‍ധന ചരക്കു ഗതാഗത നിരക്കിലും പ്രതിഫലിക്കും. ഇതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലയിലും  വര്‍ധന പ്രകടമാവും.
ഇന്ധനവില കുത്തനെ ഉയര്‍ത്തുന്നത് ഓട്ടോ-ടാക്‌സിക്കാര്‍ക്കു വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.  വില ഉയരുന്നതിനു പിന്നില്‍ ബിജെപിയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അധിക നികുതി വേണ്ടെന്നുവച്ച് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it