ഡീസല്‍ വാഹന നിയന്ത്രണം: വിധി പറയാന്‍ മാറ്റി

കൊച്ചി: പത്തുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവിനെതിരായ ഹരജികള്‍ ഹൈക്കോടതിയുടെ പരിധിയില്‍ നിലനില്‍ക്കുമോയെന്ന വാദത്തില്‍ വിധി പറയാന്‍ മാറ്റി.
2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ നഗര റോഡുകളില്‍ ഓടാന്‍ അനുവദിക്കരുതെന്നുമുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേയുള്ള ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വാഹന നിര്‍മാതാക്കളുടെ കേന്ദ്ര സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍സ് മാനുഫാക്‌ചേഴ്‌സ്, വാഹന ഡീലര്‍മാരായ നിപ്പോണ്‍ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുടമാ സംഘടനകള്‍ തുടങ്ങിയവയാണ് ഹരജികള്‍ നല്‍കിയിട്ടുള്ളത്.
എന്നാല്‍, ട്രൈബ്യൂണലിന്റെ ഉത്തരവിന് ഇടയാക്കിയ ഹരജിക്കാരായ അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്‌സ് എന്‍വയോണ്‍മെന്റ് അവയര്‍നസ് ഫോറം ഹരജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വാദിച്ചു. ട്രൈബ്യൂണല്‍ ഉത്തരവുകള്‍ ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രിംകോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂവെന്ന വാദമുയര്‍ത്തിയാണ് ലീഫ് അഭിഭാഷകന്‍ ഹരജിക്കാരുടെ വാദങ്ങളെ എതിര്‍ത്തത്.
Next Story

RELATED STORIES

Share it