Kerala

ഡീസല്‍വാഹന നിയന്ത്രണം: സാവകാശം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

ഡീസല്‍വാഹന നിയന്ത്രണം: സാവകാശം  ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
X


vehicle-infocus

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സംസ്ഥാനത്ത് 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോവാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നലെ രാവിലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് അപ്പീലുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഹരിതട്രൈബ്യൂണല്‍ കഴിഞ്ഞ ആഴ്ചയായിരുന്നു വിധി പുറപ്പെടുവിച്ചത്. കൂടാതെ 2000 സിസിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പൊതുഗതാഗതത്തിനായി കെഎസ്ആര്‍ടിസിയെ പ്രധാനമായും ആശ്രയിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഉത്തരവ് വലിയ തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടിയാവും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. നിരോധനം നടപ്പില്‍ വരികയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിയും വരും. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ഇതിനുപുറമെ രണ്ടായിരം സിസിക്ക് മുകളിലുള്ള ചരക്ക് വാഹനങ്ങള്‍, സ്വകാര്യ ബസ്സുകള്‍ എന്നിവയെയും ഉത്തരവ് ബാധിക്കും. കെഎസ്ആര്‍ടിസിയുടേത് മാത്രമായി 1100 വാഹനങ്ങളെങ്കിലും നിരത്തില്‍നിന്നു പിന്‍വലിക്കേണ്ടി വരും.
കനത്ത നഷ്ടത്തില്‍ തുടരുന്ന കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ഇത് ഇരുട്ടടിയാവും. സര്‍ക്കാരിന്റെ പ്രത്യേക അവസ്ഥ പരിഗണിച്ച് അപ്പീലില്‍ അനുകൂലമായ ഉത്തരവുണ്ടാവുമെന്നാണ് അധികൃതരുടെ പ്രത്യാശ. ട്രൈബ്യൂണല്‍ വിധിയെ പൂര്‍ണമായും എതിര്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നതെന്നും പരിസ്ഥിതി സംരക്ഷണം തന്നെയാണ് തങ്ങളുടെ നയമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സാവകാശം മാത്രമാണ് ഇപ്പോള്‍ അപ്പീലില്‍ ആവശ്യപ്പെടുക. എന്നാല്‍, ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുള്ള തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ട്രൈബ്യൂണല്‍ ഇങ്ങനെയൊരു ഉത്തരവ് കൊണ്ടുവന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it