Flash News

ഡീസലിന്റെ ഗുണമേന്മയില്‍ സംശയം ; ഗുരുതര ആരോപണങ്ങളുമായി ബസ്സുടമസ്ഥ സംഘടനകള്‍



കൊച്ചി: സംസ്ഥാനത്ത് ലഭിക്കുന്ന ഡീസലിന്റെ ഗുണമേന്മയില്‍ സംശയം ഉയരുന്നു.  കേരളാ സ്‌റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ എണ്ണക്കമ്പനികള്‍ക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അടക്കമുള്ള അധികൃതര്‍ക്കു നല്‍കിയ നിരവധി പരാതികള്‍ക്ക് തൃപ്തികരമായ മറുപടി പോലും ലഭ്യമാവാത്ത സാഹചര്യത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നു ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃത്യമായി ഓരോ ദിവസവും പരിശോധിക്കുന്നതുകൊണ്ടാണ് ഡീസലിന്റെ ഗുണമേന്മയിലെ കുറവ് ബോധ്യമാവുന്നത്. ഡീസലിന്റെ പ്രതിദിന ഉപയോഗത്തില്‍ വന്‍ വര്‍ധന വന്നതോടെയാണ് ഗുണനിലവാരത്തെക്കുറിച്ചു സംശയം ഉയര്‍ന്നത്. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ കമ്പനി അധികൃതര്‍ തൃപ്തികരമായ മറുപടിയല്ല നല്‍കിയത്. ദിനേന 250 കിമീ സര്‍വീസ് നടത്തുന്ന ബസ്സിന് 10 ലിറ്റര്‍ അധികമായി ചെലവിടേണ്ടിവരുന്നുണ്ട്. മൈലേജ് കുറവ്, എന്‍ജിന്‍ ഭാഗങ്ങള്‍ക്കു തകരാറുകളും പതിവായി. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു സംവിധാനവും നിലവിലില്ല. സംസ്ഥാനത്തെ എല്ലാ വാഹന ഉടമകളെയും ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. ദിവസവും നിശ്ചിത ദൂരം ഒരേ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നവര്‍ എന്ന നിലയിലാണ് ഈ പ്രശ്‌നം വ്യക്തമായി മനസ്സിലാക്കുന്നതിനു സ്വകാര്യ ബസ്സുടമകള്‍ക്ക് കഴിയുന്നത്. ഈ പ്രശ്‌നം സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും മറ്റു വാഹന ഉടമകളുടെയും ശ്രദ്ധയില്‍പെടുത്തുന്നതിന് ഈ മാസം 10ന് രാവിലെ 11ന് എറണാകുളം പനമ്പിള്ളി നഗറിലെ ഐഒസി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും കൂട്ടധര്‍ണയും നടത്തും. വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം, കേരള ലിമിറ്റഡ് സ്റ്റോപ്പ്, സ്റ്റേറ്റ് കാര്യേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, ബസ് ഓണേഴ്‌സ് ആന്റ് ഓപറേറ്റേഴ്‌സ് ബസ് വ്യവസായ സംരക്ഷണ സമിതി, ഇന്റര്‍‌സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ കൂട്ടായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വി ജെ സെബാസ്റ്റ്യന്‍, നൗഷാദ് ആറ്റുപറമ്പത്ത്, പ്രഭാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it