ഡി-സിനിമാസ്: വിജിലന്‍സ് കേസെടുത്തു; ദിലീപും മുന്‍ കലക്ടറും പ്രതിയല്ല

തൃശൂര്‍: ചാലക്കുടിയിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമി കൈയേറിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ തിരക്കിട്ട നടപടി. ദിലീപ്, മുന്‍ ജില്ലാ കലക്ടര്‍ എം എസ് ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്‍ത്തകര്‍ പി ഡി ജോസഫ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം ഇരുവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൈയേറ്റമോ അനധികൃത നിര്‍മാണമോ നടന്നിട്ടില്ലെന്നായിരുന്നു നേരത്തേ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പി ഡി ജോസഫ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് പരാതി പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം 15നാണ് വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സിനോട് ഉത്തരവിട്ടത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന വിജിലന്‍സിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് കോടതി വിമര്‍ശനം ഉണ്ടായത്. ഉച്ച കഴിഞ്ഞതോടെ വിജിലന്‍സ് ഡിവൈഎസ്പി കെ പി ജോസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ കോടതിയില്‍ ഹാജരാക്കി. പരാതിയിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
ഡി-സിനിമാസിനു വേണ്ടി സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റു മാത്രമാണ് കൈയേറിയതെന്നും ഇതില്‍ ക്ഷേത്രം അധികാരികള്‍ക്കു പരാതിയില്ലെന്നും നേരത്തേ അന്വേഷണം നടത്തിയ ജില്ലാ സര്‍വേ സൂപ്രണ്ട് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it