ഡി കമ്പനിയില്‍ പൊട്ടിത്തെറി; ദാവൂദും ഛോട്ടാ ഷക്കീലും വേര്‍പിരിഞ്ഞു

മുംബൈ: അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമും കൂട്ടാളി ഛോട്ടാ ഷക്കീലും വേര്‍പിരിഞ്ഞതായി റിപോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഛോട്ടാ ഷക്കീല്‍, ദാവൂദിന്റെ കാറാച്ചിയിലെ താവളം വിട്ടതായും റിപോര്‍ട്ടുണ്ട്. 1980കളില്‍ രാജ്യം വിട്ട ദാവൂദും ഷക്കീലും ദുബയിലെത്തുകയും പിന്നീട് പാകിസ്താനിലെ കറാച്ചി ആസ്ഥാനമായി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയുമായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ദാവൂദിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുകയാണു ഛോട്ടാ ഷക്കീല്‍. എന്നാല്‍ ഛോട്ടാ ഷക്കീലിനെ മറികടന്നു ദവൂദിന്റെ സഹോദരന്‍ അനീസ് കമ്പനിയുടെ തലപ്പത്ത് എത്താന്‍ ശ്രമിച്ചതാണു പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇരുവരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ദാവൂദ് ശ്രമിക്കുകയും സഹോദരന്‍ അനീസിനെ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദാവൂദിനെ അവഗണിച്ച അനീസ്, ഛോട്ടാ ഷക്കീലുമായി വാഗ്വാദത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണു ഛോട്ടാ ഷക്കീല്‍ സംഘം വിട്ടത്. ഷക്കീലിന്റെ വിട്ടുപോക്ക് ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഛോട്ടാ ഷക്കീലിനോടൊപ്പം ഏതാനും വിശ്വസ്തരും ഡി കമ്പനി വിട്ടിട്ടുണ്ട്. ഇവര്‍ ഒരു പൂര്‍വേഷ്യന്‍ രാജ്യത്തു യോഗം ചേര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ യോഗ തീരുമാനം വ്യക്തമല്ല.അതേസമയം, പ്രശ്‌ന പരിഹാരത്തിനു പാക് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണു വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കം പാകിസ്താനു ഗുണകരമായിരിക്കില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണു പ്രശ്‌നത്തില്‍ പാക് ഉദ്യോഗസ്ഥര്‍ ഇടപെടുന്നത്. നേരത്തെ അബുസലീം, ഛോട്ടാ രാജന്‍, ഫഹീം മാക്മാക് എന്നിവര്‍ ദാവൂദുമായി തെറ്റിപ്പിരിഞ്ഞു സ്വന്തമായി സംഘം രൂപീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it