kannur local

ഡിസിസി പ്രസിഡന്റിനെതിരേ പടയൊരുക്കം; ഗ്രൂപ്പുപോര് മൂര്‍ച്ഛിക്കുന്നു

കണ്ണൂര്‍: കോര്‍പറേഷന്‍ ഭരണനഷ്ടത്തിലും ജില്ലയില്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനാവാത്തതിലും തുടങ്ങിയ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് മൂര്‍ഛിക്കുന്നു. കണ്ണൂരിലെ പ്രബലവിഭാഗമായിരുന്ന കെ സുധാകരന്‍ ഉള്‍പ്പെടുന്ന വിശാല ഐ ഗ്രൂപ്പില്‍ പാളയത്തില്‍ പടയുയര്‍ന്നതോടെ ഡിസിസി പ്രസിഡന്റ് പക്ഷംപിടിച്ചതാണ് പുതിയ പോരിനു കളമൊരുക്കിയത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കെപിസിസി ഉപസമിതി ചേര്‍ന്നപ്പോഴുണ്ടായ തര്‍ക്കം ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്.
സുധാകരന്‍ വിഭാഗത്തിലെ അഡ്വ. സണ്ണി ജോസഫ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനോട് മോശമായി പെരുമാറിയെന്നതാണു വിവാദം. താനുള്‍പ്പെടുന്ന ഡിവിഷനിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് ചോദിച്ചപ്പോള്‍ സുധാകരനും സണ്ണി ജേസഫും കയര്‍ത്തു സംസാരിക്കുകയും യോഗത്തില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്‌തെന്നു കാണിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന് സജീവ് ജോസഫ് പരാതി നല്‍കിയിരുന്നു.
മാത്രമല്ല, കെപിസിസി യോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് നേതാക്കളായ പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി എന്നിവര്‍ക്കൊപ്പം വിശാല ഐയിലെ സജീവ് ജോസഫും വി എ നാരായണനും വിട്ടുനിന്നിരുന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വരികയാണെന്നു ബോധ്യപ്പെട്ട ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ സജീവ് ജോസഫിനെതിരേ ആഞ്ഞടിച്ചു.
മോശമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച സണ്ണി ജോസഫിനെ പൂര്‍ണമായും സംരക്ഷിച്ച് പരസ്യപ്രസ്താവനയിറക്കുകയും ചെയ്തു. ഇതോടെയാണ് കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് വീണ്ടും കെപിസിസിക്ക് കത്തയച്ചത്. ഒപ്പം കെ സുധാകരന്റെ ശൈലിയോട് മുമ്പേ എതിര്‍പ്പുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനും ഡിസിസി പ്രസിഡന്റിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയകാരണത്താല്‍ സംസ്ഥാനത്തെ ചില ഡിസിസികള്‍ക്കു മാറ്റമുണ്ടാവുമെന്നു സൂചനയുണ്ട്.
കണ്ണൂരിലും നേതൃമാറ്റമാണ് എ ഗ്രൂപ്പിന്റെയും ആവശ്യം. ഇപ്പോള്‍ വിശാല ഐ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായതോടെ ഡിസിസി പ്രസിഡന്റിനെതിരേ പടയൊരുക്കം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
Next Story

RELATED STORIES

Share it