Pathanamthitta local

ഡിസിസി നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കമാവും



പത്തനംതിട്ട: ഡിസിസി നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമാവും. രാവിലെ 10 മുതല്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റും പരിസരവും വൃത്തിയാക്കും. ഇതോടനുബന്ധിച്ച് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയും ശുചീകരണ സന്ദേശകളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായതെന്ന് ഡിസിസി വിലയിരുത്തി. പനിബാധിതരുടെ എണ്ണം സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിരുന്നത്. ഓരോ പഞ്ചായത്തിലും ഇതുവരെ റിപോര്‍ട്ട് ചെയ്ത പനിബാധിതരുടെ എണ്ണം കൃത്യമായി പുറത്തു വിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. ആരോഗ്യ മേഖലയിലെ തങ്ങളുടെ വീഴ്ച മറച്ചുവെയ്ക്കുന്നതിന്റെ ഭാഗമായാണ് കണക്കുകള്‍ ചെറുതാക്കി കാണിക്കുന്നത്. ജില്ലയില്‍ പനി പടര്‍ന്നു          പിടിക്കുന്ന സാഹചര്യത്തെ അധികൃതര്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് ഒരാള്‍ മരിച്ച സംഭവവുമുണ്ടായി. അപ്പോഴും കൂടുതല്‍ ജാഗ്രത കാണിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകുന്നില്ല.  മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നത്  പ്രഹസനം മാത്രമായി. പനി പടര്‍ന്നു പിടിക്കുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് ഇതാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലടക്കം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ വലയുകയാണ്. ജില്ലയിലെ പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ കൃത്യ സമയം പാലിക്കാതെ പോവുന്നതും രോഗികളെ വലയ്ക്കുകയാണ്. രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്ത് ഒപി സമയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. പല ആശുപത്രികളിലും പനിക്കുള്ള മരുന്നും ഇഞ്ചക്ഷനും അടക്കം ഡോക്്ര്‍മാര്‍ രോഗികളെകൊണ്ട് പുറത്തുള്ള മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നാണ് വാങ്ങിക്കുന്നത്. രോഗികളുടെ തിരക്ക് കൂടുന്നതനുസരച്ച് ഒപി ടിക്കറ്റ് എടുക്കുന്നതിനും മരുന്ന് വിതരണം ചെയ്യുന്നതിനും കൂടുതല്‍ കൗണ്ടര്‍ തുറക്കുന്നതിനും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊതുജന ആരോഗ്യം ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it