Pathanamthitta local

ഡിസിസി നീക്കത്തെ വിമര്‍ശിച്ചു നേതാക്കള്‍ രംഗത്ത്

പത്തനംതിട്ട: നഗരസഭാ ചെയര്‍പേഴ്‌സണിനെതിരായ ഡിസിസിയുടെ നീക്കത്തെ പ്രതിരോധിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്.
അധ്യക്ഷപദവിയില്‍ അനുവദിച്ച കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെ രാജിവയ്പ്പിക്കാനുള്ള ഡിസിസി പ്രസിഡന്റിന്റെ നീക്കം അനവസരത്തിലും അതിനായി കണ്ടെത്തിയ മാര്‍ഗം അപലപനീയവുമാണെന്ന് ഡിസിസി ഭാരവാഹികളായ എസ് വി പ്രസന്നകുമാര്‍, സുനില്‍കുമാര്‍ പുല്ലാട്ട്, ബിനു എസ് ചക്കാലയില്‍, സതീശ്  പണിക്കര്‍, കെ വി സുരേഷ് കുമാര്‍, ജേക്കബ് പി ചെറിയാന്‍, എലിസബത്ത് അബു, ഡി ഭാനുദേവന്‍, ബോധേശ്വരപണിക്കര്‍ എന്നിവര്‍ അറിയിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുമായല്ലാതെ ടേം പാടില്ലെന്ന് കെപിസിസി നിര്‍ദേശം ഉണ്ടായിരുന്നു.
അതിനു മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് എലിസബത്ത് അബുവിനെ തീരുമാനിക്കണം. ഒമ്പതു ഡിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് മൂന്നുമാസം മുമ്പ് വിളിച്ചുചേര്‍ത്തതല്ലാതെ ഡിസിസി ഭാരവാഹികളുടെ യോഗം വിളിച്ചിട്ടില്ല.
തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നത്. ഡിസിസി ചര്‍ച്ച ചെയ്തു തീരുമാനിക്കാത്ത നടപടികള്‍ അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ നേരത്തെ രംഗത്തുവന്നിരുന്നു. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അധ്യക്ഷസ്ഥാനത്തു നിന്നും തന്നോടു രാജിവയ്ക്കാന്‍ പറയുന്നതെന്നാണ് രജനിയുടെ നിലപാട്.
Next Story

RELATED STORIES

Share it