Idukki local

ഡിസംബറോടെ കേരളം പാല്‍ മിച്ച സംസ്ഥാനമാവും: മന്ത്രി

അടിമാലി: പാല്‍ മിച്ച സംസ്ഥാനമായി ഈ വര്‍ഷം കേരളം മാറുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി കെ രാജു. ഒരുവര്‍ഷം കൊണ്ട് 17 ശതമാനം ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വരുന്ന ഡിസംബറോടെ പാല്‍ മിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ തീവ്ര പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
അടിമാലി മച്ചിപ്ലാവില്‍ ഡയറി പ്രൊജക്റ്റും ആദിവാസികള്‍ക്ക് കറവപ്പശു വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിച്ചംവരുന്ന പാല്‍ ഉപയോഗിച്ച് പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പാല്‍ ഗുണനിലവാരം കുറഞ്ഞതാണ്.
ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ഗുണനിലവാരം കുറഞ്ഞ പാല്‍ വില്‍പ്പന തടയാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ മൂന്ന് ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചു. ആദിവാസികളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുകയാണ് കറവപ്പശു വിതരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതി വിജയകരമായാല്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മില്‍ക്ക് കൂളറിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിച്ചു. മില്‍മ ഏറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മച്ചിപ്ലാവ്,തുമ്പിപ്പാറ,ചൂരക്കട്ടന്‍ എന്നീ ആദിവാസി കോളനികളിലെ തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്കാണ് കറവപ്പശുക്കളെ നല്‍കുന്നത്.
പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഒരു കുടുംബത്തിന് രണ്ട് കറവ പശുക്കളെയാണ് നല്‍കുന്നത്. ഒന്നിന് 45,000 രൂപ വീതം വില വരും. തൊഴുത്ത് നിര്‍മ്മാണത്തിന് 45,000 രൂപയും നല്‍കും. കൂടാതെ സൗജന്യ കാലിത്തീറ്റ, പാല്‍പാത്രങ്ങള്‍, തൊഴുത്തില്‍ വിരിക്കാനുളള റബര്‍മാറ്റ് എന്നിവയും നല്‍കും.
കോളനിയിലെ ഒരു യുവാവിന് കൃത്രിമ ബീജസങ്കലനം നടത്തുന്നതിനുളള പരിശീലനം നല്‍കും 2.19 കോടിയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. മുന്‍ ചെയര്‍മാന്‍ പി എസ് സെബാസ്റ്റ്യന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, മച്ചിപ്ലാവ് സംഘം പ്രസിഡന്റ് പോള്‍മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it