ഡിവൈഎഫ്‌ഐ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്; നേതൃനിരയില്‍ മാറ്റമുണ്ടാവും

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ സമ്പൂര്‍ണ മാറ്റത്തിനു സാധ്യത. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍ ഷംസീര്‍ പുതിയ പ്രസിഡന്റാവും. നിലവിലെ സംസ്ഥാന സെക്രട്ടറി എം സ്വരാജ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലയുടെ പ്രതിനിധി ഐ ഷാജു ഖജാഞ്ചിയുമാവും.
നിലവിലെ പ്രസിഡന്റ് ടി വി രാജേഷ്, വൈസ് പ്രസിഡന്റുമാരായ പി പി ദിവ്യ, കെ വി സുമേഷ്, റോഷന്‍ റോയ് മാത്യു, ജോയിന്റ് സെക്രട്ടറി മുരളീധരന്‍, സുനില്‍കുമാര്‍ എന്നിവര്‍ സ്ഥാനമൊഴിയും. ടി വി രാജേഷ്, മുരളീധരന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രായപരിധി കഴിഞ്ഞതിനാലും പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായതിനാലും സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനാലും റോഷന്‍ മാത്യൂ സിപിഎം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാലുമാണു സ്ഥാനമൊഴിയുന്നത്. നിലവില്‍ സംസ്ഥാനസമിതി അംഗമായ തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് സംസ്ഥാനസമിതിയംഗ സ്ഥാനം ഒഴിയും. നിലവില്‍ സംസ്ഥാന സമിതിയംഗമായ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല നവാസ് സംസ്ഥാന ഭാരവാഹിയാവും.
അേതസമയം, തിരൂരില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ 13ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. പൊതുസമ്മേളനം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. മുഹമ്മദ് യൂസുഫ് തരിഗാമി, എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, എം ബി രാജേഷ് എംപി, അജോയ് മുഖര്‍ജി, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, ടി വി രാജേഷ്, കെ ടി ജലീല്‍, ഡിവൈഎഫ്‌ഐ നേതാക്കളായ എം സ്വരാജ്, പി കെ അബ്ദുല്ല നവാസ്, അഡ്വ. എം ബി ഫൈസല്‍ പങ്കെടുക്കും.
ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം ആദിവാസി മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ പ്രതിനിധിസമ്മേളനത്തില്‍ തീരുമാനമെടുത്തു. ആദിവാസികളൂടെ പ്രശ്‌നങ്ങളില്‍ സംഘടന കാര്യമായി ഇടപെടും. ഭൂമിയില്ലാത്ത ആദിവാസികള്‍ക്കു ഭൂമി ലഭിക്കാന്‍ ഇടപെടും. കാപ്പ പോലുള്ള കരിനിയമങ്ങള്‍ക്കെതിരേ സമരം ശക്തമാക്കും. ആ കേസില്‍ ഉള്‍പ്പെട്ട നിരപരാധികളെ മോചിപ്പിക്കാന്‍ ഇടപ്പെടും. പരിസ്ഥിതിരംഗത്തെ പ്രവര്‍ത്തനം വിപുലീകരിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി പദ്ധതികള്‍ രൂപവല്‍ക്കരിക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it