Flash News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം ; യുവാവിനെ കുത്തിക്കൊന്നു



കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ശ്രീനാരായണപുരത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. ശൃംഖപുരം കിഴക്കുഭാഗത്ത് ആളംപറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സിയാദ് (27) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.  നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു പോലിസ് പറഞ്ഞു. സിയാദ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സിയാദിന്റെ സുഹൃത്തുക്കളായ സ്മിജേഷ് (24), സഞ്ജയന്‍ (26) എന്നിവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവരെ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു പരിക്കേറ്റവര്‍ പറഞ്ഞു. ശൃംഖപുരത്ത് ഇലക്ട്രിക്കല്‍ ജോലി നടത്തിവരുകയാണ് സിയാദ്.ഓണത്തോടനുബന്ധിച്ച് എകെജി നഗറില്‍ നടന്ന ഓണക്കളിക്കിടെ സിയാദും പ്രദേശത്തെ ഏതാനും യുവാക്കളും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളും നടന്നിരുന്നു. തുടര്‍ന്ന്, ഇരുകൂട്ടരും പരസ്പരം വെല്ലുവിളികളും നടത്തിയിരുന്നതായി പോലിസ് പറയുന്നു.  സംഭവത്തിലുള്‍പ്പെട്ടവരെക്കുറിച്ചു പോലിസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നു പോലിസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറും എസ്‌ഐ എ മുകുന്ദനും മതിലകം എസ്‌ഐ മനു വി നായരും ആശുപത്രിയിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പിതാവ് ഉപേക്ഷിച്ച സിയാദും കുടുംബവും മാതാവ് സുബൈദയുടെ വീട്ടിലാണ് താമസം. അന്‍സിയ ഏക സഹോദരിയാണ്.
Next Story

RELATED STORIES

Share it