Pathanamthitta local

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം

മലയാലപ്പുഴ: കഴിഞ്ഞദിവസം കുമ്പഴ കളീയ്ക്കല്‍ പടിയില്‍ നടന്ന സംഘര്‍ഷത്തില്‍ സ്ഥലത്തില്ലാതിരുന്ന മലയാലപ്പുഴയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ കളളക്കേസെടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം.
ഡിവൈഎഫ്‌ഐ ഏരിയ സമ്മേളനത്തിന്റെ തലേദിവസം കൊടി തോരണങ്ങള്‍ കെട്ടുന്ന സമയത്ത് ഒരു യുവാവ് കഞ്ചാവുമായി ഇവിടെ എത്തി. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട് അന്വേഷിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് എത്തിക്കാന്‍ വന്നതാണെന്ന് ബോധ്യപ്പെട്ടു. അയാള്‍ സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. എന്നാല്‍ കഞ്ചാവു വില്‍പ്പന തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ പുതുവല്‍സര ആഘോഷത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകര്‍ ഇപ്പോഴും ചികില്‍സയിലാണ്.
കഴിഞ്ഞ ദിവസം കുമ്പഴയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമം നടത്തിയത് കഞ്ചാവു വില്‍പ്പനയുമായി ബന്ധപ്പെട്ടവരാണെന്നും ഡിവൈഎഫ്‌ഐക്ക് ഒരു പങ്കുമില്ലെന്ന് കോന്നി ഏരിയാ കമ്മിറ്റി അറിയിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുത്ത് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. പ്രദേശത്തെ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തുന്നതിനെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും ഏരിയാ പ്രസിഡന്റ് വര്‍ഗീസ് ബേബി, സെക്രട്ടറി എം അനീഷ് കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it