thiruvananthapuram local

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം

ചിറയിന്‍കീഴ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്സുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഡിവൈഎഫ്‌ഐ കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയും മുടപുരം പമ്മന്‍കോട് തെന്നൂര്‍ക്കോണം വി എസ് ഭവനില്‍ വിശ്വനാഥന്‍ ആശാരി-സരസ്വതി ദമ്പതികളുടെ മകനുമായ വിശാഖിന് (26) ആണ് വെട്ടേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെന്നൂര്‍ക്കോണം സ്വദേശി രാജേന്ദ്രന്‍ വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറയന്നത്.
വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. ഊരൂട്ടുമണ്ഡപം ക്ഷേത്രത്തിലെ ഘോഷയാത്ര കാണാനായി എത്തിയ വിശാഖ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജേന്ദ്രനും ബിനു എന്നു വിളിക്കുന്ന സനലുമായി തെന്നൂര്‍ക്കോണം ജങ്ഷനില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. ഘോഷയാത്ര പോയശേഷം വിശാഖ് തെന്നൂര്‍ക്കോണം ജങ്ഷനില്‍ നിന്ന് വീട്ടിലെത്തുന്നതിന് മുമ്പായുള്ള തെന്നൂര്‍ക്കോണം കോളനിക്ക് സമീപം ഒളിച്ചിരുന്ന രാജേന്ദ്രന്‍ വെട്ടുകത്തിയുമായെത്തി വിശാഖിനെ ആക്രമിക്കുകയായിരുന്നു. വിശാഖിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രന്‍ രക്ഷപ്പെട്ടിരുന്നു. ചോരയില്‍ കുളിച്ച വിശാഖിനെ നാട്ടുകാര്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് പ്രാഥമിക ചികില്‍സയ്ക്ക് ശേഷം 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു. വിശാഖ് ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയ്ക്ക് പുറകില്‍ എട്ട് സ്റ്റിച്ചിട്ട ആഴത്തിലുള്ള മുറിവും, വയറ്റില്‍ 4 സ്റ്റിച്ചും, തോളില്‍ 4 സ്റ്റിച്ചുമുള്ള മുറിവുകള്‍ ഉണ്ടായി. ചിറയിന്‍കീഴ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ഡലം കമ്മിറ്റി എന്‍ഇഎസ് ബ്ലോക്കില്‍ നിന്ന് പാലകുന്ന് ജങ്ഷന്‍ വരെ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് എല്‍ഡിഎഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേരും.
Next Story

RELATED STORIES

Share it