kozhikode local

ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുത്ത ലീഗ് നേതാവ് വിവാദത്തില്‍

വടകര: ഡിവൈഎഫ്‌ഐ വടകര നാരായണ നഗറില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്ത ലീഗ് നേതാവിന്റെ നടപടി വിവാദത്തില്‍. വടകര മുനിസിപ്പല്‍ ടൗണ്‍ ലീഗ് പ്രസിഡണ്ട് പ്രൊഫ.കെകെ മഹമൂദാണ്് വിവാദത്തിലായിരിക്കുന്നത്. പ്രസിഡന്റിനെ ഈ നടപടിയെ ചോദ്യം ചെയ്ത് നേതാക്കളും അണികളും രംഗത്തെത്തി.
മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ ലീഗ് അണികള്‍ തന്നെ വിമര്‍ശനങ്ങള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. കാലങ്ങളായി ശക്തമായ പോര് നിലനില്‍ക്കുന്ന ലീഗില്‍ എതിര്‍പക്ഷത്തിന് ആയുധമാക്കാനുള്ള നടപടിയായി മാറിയിരിക്കുകയാണ് ഈ സംഭവം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏപ്രില്‍ 1 മുതല്‍ 7 വരെയാണ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പനയാണ് ലീഗ് നേതാവ് കഴിഞ്ഞ ദിവസം സ്വാഗതസംഘം ഓഫീസില്‍ വച്ച് ഉദ്ഘാടനം ചെയ്തത്.
ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ലീഗ് മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം. ലീഗിന്റെ രക്തത്തിന് വേണ്ടി ദാഹിച്ച് കൊണ്ടിരിക്കുന്ന സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യാന്‍ പോയ ഇദ്ദേഹത്തിന്റെ നടപടി രാഷ്ട്രീയ അധ:പതനമാണെന്നും ചിലര്‍ ലീഗ് നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തി. മുനിസിപ്പല്‍ ടൗണ്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. യൂത്ത്‌ലീഗ്, എംഎസ്എഫ് എന്നീ യൂത്ത് സംഘടനകളിലും ഈ ആവശ്യം തന്നെയാണുള്ളത്. ഓര്‍ക്കാട്ടേരിയില്‍ ഫഌക്‌സ് ബോര്‍ഡ് വിഷയത്തില്‍ മണ്ഡലം സെക്രട്ടറി ഒകെ കുഞ്ഞബ്ദുല്ലയെ നീക്കിയത് പോലെ ടൗണ്‍ പ്രസിഡന്റിനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തതില്‍ രാഷ്ട്രീയ കാണേണ്ടതില്ലെന്ന് കെകെ മഹമൂദ് വ്യക്തമാക്കി.
എതിര്‍പ്പ് ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും സ്ഥിരം ശത്രുക്കളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മണ്ഡലം ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതാവിന്റെ നടപടി വരുംദിവസങ്ങളില്‍ രൂക്ഷമാവാനാണ് സാധ്യത. മണ്ഡലം സെക്രട്ടറിക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ പരാതി നല്‍കിയത് മുനിസിപ്പല്‍ ഭാരവാഹികളായിരുന്നു. മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിലും മുനിസിപ്പല്‍ കമ്മിറ്റിയുമായി നല്ല രീതിയിലുള്ള അസ്വാരസ്യങ്ങളാണ് നടന്നത്.
മണ്ഡലം സെക്രട്ടറിയെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും മുനിസിപ്പല്‍ ഭാരവാഹികള്‍ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റിനെ നടപടിക്കെതിരെ മണ്ഡലം കമ്മിറ്റി തന്നെ ശക്തമായ നിലപാടെടുക്കാനാണ് സാധ്യതയെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അറിവ്.
Next Story

RELATED STORIES

Share it