Flash News

ഡിവൈഎഫ്‌ഐ നേതൃത്വത്തിലെ 100ഓളം മുസ്‌ലിം യുവാക്കള്‍ പുറത്ത്

എം എം സലാം
ആലപ്പുഴ: മതചിട്ട പുലര്‍ത്തുന്ന മുസ്‌ലിംകളായ പ്രവര്‍ത്തകരെ പ്രത്യേകം നിരീക്ഷിക്കാന്‍ സിപിഎം പ്രത്യേക സെല്‍ രൂപീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആലപ്പുഴയില്‍ മുസ്‌ലിം യുവാക്കളെ ഡിവൈഎഫ്‌ഐ ഭാരവാഹിത്വങ്ങളില്‍ നിന്നു കൂട്ടത്തോടെ വെട്ടിനിരത്തി. ആലപ്പുഴ നഗരത്തില്‍ മാത്രം ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരായ 100ലധികം യുവാക്കള്‍ക്കാണ് ഇത്തരത്തില്‍ പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്കു നേരിട്ടത്. ഇതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകരായ മുസ്‌ലിംകളില്‍ അമര്‍ഷം ശക്തമാവുകയാണ്.
ഡിവൈഎഫ്‌ഐയുടെ കഴിഞ്ഞ യൂനിറ്റ്, മേഖല സമ്മേളനങ്ങള്‍ അവസാനിച്ചപ്പോഴാണു മുസ്‌ലിംയുവാക്കള്‍ പുറത്തായത്. ആലപ്പുഴ നഗരത്തില്‍ സക്കരിയ ബസാര്‍, വട്ടപ്പിള്ളി, കുതിരപ്പറമ്പ്, ഇഎസ്‌ഐ, ലജ്‌നത്ത് തെക്ക്, വടക്ക് തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി രാവും പകലും പ്രവര്‍ത്തിച്ച മുസ്‌ലിം യുവാക്കളാണ് ഇപ്പോള്‍ അനഭിമതരായത്.
നഗരത്തിലെ മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയായ മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ മുസ്‌ലിം വിഷയങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്. ഹാദിയ, റിയാസ് മൗലവി വധം, ഡിവൈഎഫ്‌ഐ ലജ്‌നത്ത് യൂനിറ്റ് വൈസ് പ്രസിഡന്റായിരുന്ന മുഹ്‌സിന്‍ കൊലപാതകം എന്നീ വിഷയങ്ങളിലും മുസ്‌ലിം ഐക്യവേദി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ചില മുസ്‌ലിം യുവാക്കളും പങ്കെടുത്തിരുന്നു. അന്നു മുതല്‍ രഹസ്യ നിരീക്ഷണത്തിലായ ചിലരാണ് ഇപ്പോള്‍ പദവികളില്‍ നിന്നു കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്ന ന്യായീകരണമാണു പുറത്താക്കാന്‍ കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
14 യൂനിറ്റുകള്‍ കീഴ്ഘടകമായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ ആലിശ്ശേരി മേഖലാ സമ്മേളനം കഴിഞ്ഞദിവസം നടന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മല്‍സ്യഫെഡ് ചെയര്‍മാനുമായ ചിത്തരഞ്ജന്‍ ഈ യോഗത്തിലെത്തുകയും മുസ്‌ലിംകളെ ഒഴിവാക്കി ഡിവൈഎഫ്‌ഐയുടെ പുതിയ ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല, ഇത്തവണ സിപിഎം തീരുമാനമാണു ഡിവൈഎഫ്‌ഐ ഭാരവാഹിത്വം എന്നാണു ചിത്തരഞ്ജന്‍ അറിയിച്ചത്. ആലിശ്ശേരി മേഖലാ സമ്മേളനത്തിന് മുന്നോടിയായി മുസ്‌ലിംകളെ ഒഴിവാക്കി വര്‍ഗബഹുജന സംഘടനകളുടെ യോഗവും സംഘടിപ്പിച്ചിരുന്നു. മേഖലാ യോഗത്തില്‍ പങ്കെടുക്കേണ്ട ആളല്ലാതിരുന്നിട്ടും മുസ്‌ലിംകളെ വെട്ടിനിരത്താന്‍ വേണ്ടി മാത്രം ചിത്തരഞ്ജനെ യോഗത്തിലേക്കു സിപിഎം ചുമതലപ്പെടുത്തുകയായിരുന്നു. മേഖലാ സമ്മേളനത്തിനു മുമ്പായി ഇവിടെ നടന്ന യൂനിറ്റ് സമ്മേളനങ്ങളിലെല്ലാം തന്നെ മുസ്‌ലിംകളെ വെട്ടിനിരത്തല്‍ പ്രക്രിയ നടന്നിരുന്നു.
തീവ്രസ്വഭാവമുള്ള മുസ്‌ലിംകള്‍ സിപിഎമ്മില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന കുപ്രചാരണം സംഘപരിവാര സംഘടനകളും ചില മാധ്യമങ്ങളും നാളുകളായി ഉയര്‍ത്തുന്നുണ്ട്. അഭിമന്യുവധത്തിനു ശേഷം ഈ പ്രചാരണം വ്യാപിപ്പിച്ചു. അതിന്റെ ചുവടുപിടിച്ചു തീവ്രസ്വഭാവമുള്ളവര്‍ പാ ര്‍ട്ടിയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കി. ഇതിന്റെ തുടര്‍ച്ചയായാണു മതചിട്ട പുലര്‍ത്തുന്നവരെ രഹസ്യമായി നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രത്യേക സെല്‍ രൂപീകരിച്ചത്. വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച മുസ്‌ലിംകള്‍ ഇതോടെ പാര്‍ട്ടിക്കൂറ് തെളിയിക്കാന്‍ നിര്‍ബന്ധിതരായി. അഭിമന്യൂവിന്റെ വധത്തിനു ശേഷം സാമൂഹികമാധ്യമങ്ങളിലും പാര്‍ട്ടി യോഗങ്ങളിലുമെല്ലാം മുസ്‌ലിം നാമധാരികളെ സംശയത്തോടെ വീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it