ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ ദുരിതാശ്വാസ ക്യാംപില്‍ അക്രമം നടത്തുകയും ക്യാംപില്‍ സേവനം ചെയ്തവരെ ആക്രമിക്കുകയും ചെയ്തതിന് പോലിസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചു. കേളകം പോലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജോയല്‍ ജോബിനെയാണ് ഇന്നലെ രാവിലെ ഏഴോടെ 10ഓളം സിപിഎം പ്രവര്‍ത്തകരെത്തി ബലമായി മോചിപ്പിച്ചത്. കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായ കോണ്‍ഗ്രസ് പ്രതിനിധി എടമന രാമനെ റോഡില്‍വച്ച് മര്‍ദിച്ച കേസിലും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതിയാണ് ജോയല്‍ ജോബ്. അമ്പായത്തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പ് നടന്ന ദിവസം അമ്പായത്തോട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ സേവനം ചെയ്യുകയായിരുന്ന രാമനെ ക്യാംപിലേക്കു ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോഴാണ് ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം കേളകം പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വിവരമറിഞ്ഞെത്തിയ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ പോലിസുമായി വാക്കുതര്‍ക്കമുണ്ടാവുകയും കൈയേറ്റത്തിനു ശ്രമിക്കുകയും പ്രതിയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേളകം പോലിസ് കേസെടുത്തു. കൊട്ടിയൂരില്‍ പ്രളയക്കെടുതിക്കിരയായ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വസ്ത്രങ്ങളും മറ്റും എത്തിക്കാന്‍ ക്യാംപിലെത്തിയപ്പോഴാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. ഏരിയാ സെക്രട്ടറിയുടെ അനുമതിയില്ലാതെ ക്യാംപില്‍ കയറരുതെന്നായിരുന്നു നിര്‍ദേശം. വിവരമറിഞ്ഞെത്തിയ പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോള്‍ പോലിസിനെ രൂക്ഷമായി വിമര്‍ശിക്കുകയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നിരുപാധിക ജാമ്യം നല്‍കുകയുമായിരുന്നു.

Next Story

RELATED STORIES

Share it